ad
Deshabhimani

നീറ്റ് –യുജി പുനഃപരീക്ഷ

ജില്ലയിൽ 2765 വിദ്യാർഥികൾ പരീക്ഷയ്‌ക്കെത്തിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2026, 02:09 AM | 1 min read

കൊല്ലം

ചോദ്യചോർച്ചയെത്തുടർന്ന്‌ വീണ്ടും നടത്തിയ നീറ്റ്– യുജി പരീക്ഷയിൽ ജില്ലയിൽ വിദ്യാർഥികളുടെ ഹാജരിൽ വൻകുറവ്‌. ആകെ രജിസ്റ്റർ ചെയ്ത 10,955 വിദ്യാർഥികളിൽ 2765 പേർ പരീക്ഷയ്‌ക്കെത്തിയില്ല. 26 സെന്ററുകളിലായി 8190 പേരാണ്‌ പരീക്ഷ വീണ്ടും എഴുതിയത്‌. ജില്ലയിൽ 13 വീതം സെന്ററുകളുള്ള രണ്ട്‌ സോണുകളായി തിരിച്ച്‌ നടത്തിയ പരീക്ഷയിൽ, ആദ്യ സോണിൽ രജിസ്റ്റർ ചെയ്ത 5064 വിദ്യാർഥികളിൽ 1318പേർ ഹാജരായില്ല. രണ്ടാമത്‌ സോണിൽ രജിസ്റ്റർ ചെയ്ത 5891 വിദ്യാർഥികളിൽ 1447പേർ ഹാജരായില്ല. മേയിൽ നടന്ന ആദ്യപരീക്ഷ വിദ്യാർഥികൾക്ക്‌ താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ, പിന്നാലെത്തിയ ചോദ്യച്ചോർച്ച വിവാദത്തിൽ പരീക്ഷ റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ്‌ വിദ്യാർഥികൾക്കുണ്ടായത്‌. മാനസികമായി തളർന്ന കുട്ടികളിൽ ഭ‍ൂരിഭാഗവും ഇക്കുറി പരീക്ഷ എഴുതാനെത്തിയില്ല. വീണ്ടും നടത്തുമ്പോൾ കടുപ്പമേറുമെന്ന ആശങ്കയും വിദ്യാർഥികളുടെ ഹാജരിനെ ബാധിച്ചു. പുനഃപരീക്ഷ എഴുതിയ ഭൂരിഭാഗം കുട്ടികളും ഇതേ അഭിപ്രായാണ്‌ പങ്കുവച്ചത്‌. കെമിസ്ട്രി ഉൾപ്പെടെ മുൻപരീക്ഷയേക്കാൾ കഠിനമായിരുന്നുവെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. വീണ്ടും പരീക്ഷ എഴുതേണ്ടിവന്നതിന്റെ മാനസിക സമ്മർദത്തിന് പുറമേ, ചോദ്യങ്ങൾകൂടി പ്രയാസകരമായത് കുട്ടികളെ കൂടുതൽ നിരാശരാക്കി. പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ മുമ്പെങ്ങുമില്ലാത്തവിധം വിപുലമായ സജ്ജീകരണങ്ങളും ഇത്തവണ ഒരുക്കിയിരുന്നു. കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെ സുരക്ഷയ്ക്കുമൊപ്പം സിസിടിവി, മൊബൈൽ ജാമറുകൾ ഉൾപ്പെടെ പരീക്ഷാകേന്ദ്രങ്ങളിൽ സജ്ജമാക്കിയിരുന്നു. പരീക്ഷ പൂർത്തിയായതോടെ സാധനസാമഗ്രികൾ പോസ്റ്റൽ വകുപ്പിന്‌ കൈമാറി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home