ഗതാഗതക്കുരുക്ക്
ട്രാഫിക് മീഡിയന്‍ കുരുക്ക് മുറുക്കുന്നതായി ആക്ഷേപം

ട്രാഫിക് മീഡിയിന്‍ സ്ഥാപിച്ച് പരിഷ്‌ക്കരിച്ച ആനമല ജങ്ഷനില്‍ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
ചാലക്കുടി ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സ്ഥാപിച്ച ട്രാഫിക് മീഡിയൻ കുരുക്ക് മുറുക്കുന്നതായി ആക്ഷേപം. രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്ന ആനമല ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് മീഡയനാണ് ഇപ്പോള്‍ അധികൃതര്‍ക്ക് കുരുക്കായി മാറുന്നത്. നിലവിലുണ്ടായിരുന്ന ഗതാഗത തടസ്സത്തേക്കാള്‍ രൂക്ഷമായ കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ശാസ്ത്രീയ രീതിയിലുള്ള ട്രാഫിക് പരിഷ്‌കരണമല്ല ആനമല ജങ്ഷനില്‍ നടത്തിയതെന്ന് നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. തിരക്കേറിയ ആനമലയിലെ നാലുംകൂടിയ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തില്‍ ട്രാഫിക് പരിഷ്‌കരണം നടത്തിയത്. ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ ട്രാഫിക് മീഡയന്‍ സ്ഥാപിച്ചു. എന്നാല്‍, ശരിയായ സ്ഥലത്തല്ല മീഡിയന്‍ സ്ഥാപിച്ചതെന്നാണ് ആരോപണം. മീഡിയനില്‍ ദിശാബോര്‍ഡുകള്‍, ലൈറ്റുകള്‍, ജലധാര എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് മീഡിയന്റെ ഉദ്ഘാടനവും നടത്തി. എന്നാല്‍, മീഡിയന്‍ ഗതാഗതത്തിന് തടസ്സമായി മാറിയിരിക്കുകയാണ്. നാല് ദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് തിരിഞ്ഞ് പോകാനാകാതെ മീഡിയന് സമീപം നിരയായി കിടക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇതോടെ മുമ്പുണ്ടായിരുന്ന കുരുക്കിനേക്കാള്‍ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടും പ്രദേശത്ത് ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്. സ്വകാര്യ ആശുപത്രിയുടെ പരസ്യബോര്‍ഡായി മാറിയിരിക്കുകയാണ് ട്രാഫിക് മീഡിയന്‍. ശാസ്ത്രീയമായ രീതിയില്‍ ട്രാഫിക് പരിഷ്‌കരണം നടത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്. ട്രാഫിക് പരിഷ്‌കരണം അശാസ്‌ത്രീയം ചാലക്കുടി ആനമല ജങ്ഷനിലെ ട്രാഫിക് പരിഷ്‌കരണം അശാസ്ത്രീയമാണെന്ന് നഗരസഭാ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ജില്‍ ആന്റണി. ശാസ്ത്രീയമായ പഠനം നടത്താതെ ഏകപക്ഷീയമായാണ് ചെയര്‍പേഴ്‌സണ്‍ ആനമല ജങ്ഷനിൽ പരിഷ്‌കരണം നടപ്പിലാക്കിയത്. ഈ മേഖലയിലെ വിദഗ്‌ധരോട് അഭിപ്രായം ചോദിക്കാനോ നഗരസഭാ പ്രതിപക്ഷവുമായി കൂടിയാലോചന നടത്താനോ ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ല. വിദഗ്‌ധരുടെ നിര്‍ദേശം പരിഗണിച്ച് ശാസ്‌ത്രീയമായ ട്രാഫിക് പരിഷ്‌കരണം നടത്തണമെന്നും ജില്‍ ആന്റണി ആവശ്യപ്പെട്ടു.











0 comments