മുളംതണ്ടിലെ സംഗീതശിൽപ്പി

ഓടക്കുഴലുമായി ശിവദാസൻ
മുകേഷ് കൊങ്ങണൂർ
Published on Jun 21, 2026, 12:40 AM | 1 min read
കുന്നംകുളം
ഓടക്കുഴലുകളാൽ നിറഞ്ഞ ഒരിടം. കുന്നംകുളത്തെ ചിത്രാംബരി സ്റ്റുഡിയോ ഇന്ന് ഓടക്കുഴലിന്റെ പ്രദർശനശാലയാണ്. അരനൂറ്റാണ്ടായി ഓടക്കുഴൽ വായിക്കുന്ന, 22 വർഷത്തിനടുത്തായി നിർമാണം നടത്തുന്ന തെക്കേപുറത്ത് ശിവദാസന്റെ ഇടമാണിത്. വിപണിയിൽനിന്ന് ലഭിക്കുന്ന ഓടക്കുഴലിന് ശ്രുതി ചേരാതെ വന്നപ്പോഴാണ് സ്വന്തമായി നിർമിക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് ശിവദാസൻ പറഞ്ഞു. ഇന്ന് ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതത്തിന് ഉതകുന്ന ഓടക്കുഴൽ നിർമിക്കുന്നവരിൽ പ്രധാനിയാണ്. കർണാട്ടിക് സംഗീതത്തിന് ഉപകരിക്കുന്ന 22 ശ്രുതികൾ ചേർന്ന സഞ്ചാര രാഗങ്ങളും, മൂന്ന് ഷഡ്ജം വരെയും വായിക്കാനാകുന്ന പുല്ലാങ്കുഴൽ നിർമാണമാണ് ഏറ്റവും പ്രയാസം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ സ്വന്തമായി നിർമാണം തുടങ്ങി. സ്വയം ഓടക്കുഴൽ നിർമിച്ച് അതിൽ കച്ചേരി അവതരിപ്പിക്കുന്നവർ ഇന്ന് വളരെ അപൂർവമാണ്. കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നടക്കം ശിവദാസന്റെ ഓടക്കുഴലിന് ആവശ്യക്കാരുണ്ട്. പത്മശ്രീ ലഭിച്ച എൻ രമണി, പ്രപഞ്ചൻ ബാലചന്ദ്രർ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റോണോ മജുംദാർ ജയന്ത് എന്നിവരടക്കം നിരവധി പ്രതിഭകൾക്കും അവരുടെ ശിഷ്യർക്കും ഓടക്കുഴൽ നിർമിച്ചു നൽകുന്നത് ശിവദാസനാണ്. എൻ രമണി, അഡയാർ ലക്ഷ്മണൻ, ധനഞ്ജയൻ മാസ്റ്റർ എന്നിവരുടെ പക്കവാദ്യ സംഘത്തിലെ അംഗവുമായിരുന്നു. 20 വർഷമായി തിരുവൈയ്യാർ ത്യാഗരാജ സംഗീതാരാധനക്ക് ശിഷ്യരുമൊത്ത് പുല്ലാങ്കുഴൽ കച്ചേരി നടത്തി വരുന്ന ശിവദാസ് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഓടക്കുഴൽ നിർമാണത്തിന് അനുയോജ്യമായ മൂന്നുതരം ഈറ്റകളാണ് നിലവിൽ കേരളത്തിലുള്ളത്. ഇതിൽ തന്നെ ഏറ്റവും അനുയോജ്യമായ നിലമ്പൂർ ഈറ്റയാണ് ശിവദാസൻ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയിൽ ഒരുക്കുന്ന ഓടക്കുഴലുകളുടെ ശബ്ദമാധുര്യം എടുത്തറിയാനാവുമെന്നതിനാൽ ആവശ്യക്കാരേറെയും ഇവ ചോദിച്ചാണ് എത്തുന്നത്. മൂന്നു വർഷമെങ്കിലും പ്രായമായ ഈറ്റകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.









0 comments