ad
Deshabhimani

മണലൂർ മണ്ഡലത്തിലെ 
പദ്ധതികൾക്ക് രൂപം നൽകി

മണലൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് രൂപം നൽകാൻ ചേർന്ന യോഗത്തിൽ  സി രവീന്ദ്രനാഥ്  എംഎൽഎ പദ്ധതികൾ വിശദീകരിക്കുന്നു

മണലൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് രൂപം നൽകാൻ ചേർന്ന യോഗത്തിൽ സി രവീന്ദ്രനാഥ് എംഎൽഎ പദ്ധതികൾ വിശദീകരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 12:15 AM | 1 min read

മണലൂർ

നവമണലൂർ കാർബൺ ന്യൂട്രൽ മണലൂർ പദ്ധതിയുടെ ഭാഗമായി എംഎൽഎയുടെ ഫണ്ടുകൾ ഉപയോഗിച്ച് മണലൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് രൂപം നൽകി. മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകൾക്ക് 35 ലക്ഷം രൂപ വീതം 3.5 കോടി രൂപ ആദ്യഘട്ടമായി അനുവദിക്കും. ആദ്യത്തെ റോഡായി മണലൂർ പഞ്ചായത്തിലെ കാഞ്ഞാണി ജങ്‌ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി കാഞ്ഞാണി റിങ്‌ റോഡിന് 35 ലക്ഷം രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയിലൂടെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകൾക്കും ലാപ്ടോപ്പും, എൽസിഡി പ്രൊജക്ടറും നൽകും. എല്ലാ ഹയർസെക്കൻഡറി സ്കൂളിലും സോളാർ പാനൽ സംവിധാനം സ്ഥാപിച്ച് ഗ്രീൻ എനർജി വിദ്യാലയങ്ങളായി മാറ്റും. എല്ലാ ഹൈസ്കൂളുകളിലും, ഹയർ സെക്കൻഡറി സ്കൂളുകളിലും റോബോട്ടിക് ലാബ് ആരംഭിക്കും. മണ്ഡലത്തിലെ 264 അങ്കണവാടികളും സ്മാർട്ട് ആക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. അങ്കണവാടി മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള 400 സ്ഥാപനങ്ങളിൽ കാർബൺ ന്യൂട്രൽ മണലൂർ പ്രോട്ടോകോൾ നടപ്പാക്കും. "നവമ’ സാഹിത്യോത്സവത്തിന്റെ തുടർച്ചയായി കണ്ടശാങ്കടവ് പ്രൊഫ. ജോസഫ് മുണ്ടശേരി ഹയർ സെക്കൻഡറി സ്കൂളിൽ സർഗ പോഷണ അക്കാദമി സ്ഥാപിക്കും. പുതിയ തലമുറയുടെ സർഗ കായിക ബൗദ്ധികശേഷി പോഷിപ്പിക്കുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കും. പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് പഠനത്തിനുള്ള സൗകര്യമൊരുക്കും. എല്ലാ ക്യാമ്പസുകളിലും മാലിന്യനിർമാർജന പദ്ധതികളും, ജൈവ പച്ചക്കറി കൃഷി പദ്ധതികളും നടപ്പാക്കി മാതൃകയാക്കും. മണ്ഡലത്തിലെ സ്‌കൂളുകളെ ലഹരി മുക്ത ക്യാമ്പസുകൾ ആക്കി മാറ്റുന്നതിനുള്ള മാതൃക പദ്ധതി നടപ്പാക്കും. ആരോഗ്യം, കൃഷി കുടിവെള്ളം മേഖലകളിലേക്ക് വിശദമായ പ്രോജക്ട് തയ്യാറാക്കി നടപ്പാക്കുന്നതിനും തീരുമാനിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രൊഫ.സി രവീന്ദ്രനാഥ് എംഎൽഎ പദ്ധതികൾ വിശദീകരിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ക്ലമന്റ്‌ ഫ്രാൻസിസ് അധ്യക്ഷനായി. ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home