കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

മുഹമ്മദ് ഷിഫാന്‍
വടക്കേക്കാട്
വടക്കേക്കാട് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. പുന്നയൂർക്കുളം ചമ്മന്നൂർ മുണ്ടാറയിൽ വീട്ടിൽ മുഹമ്മദ് ഷിഫാൻ(30)ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച കുന്നത്തൂരിലെ ബാറില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഇയാളെ പൊലീസ് വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പരിശോധനക്കെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനുനേരെ എതിര്‍ ദിശയിൽ രണ്ടര കിലോമീറ്റര്‍ മാത്രം അകലെയുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് തിങ്കളാഴ്‌ച പുലർച്ചെ പൊലീസ് ഇയാളെ പിടികൂടിയത്. തങ്ങളെ വെട്ടിച്ചു കടന്ന പ്രതിയെ പൊലീസ് അരിച്ചുപെറുക്കുന്പോഴും പൊലീസ് സ്‌റ്റേഷന് അഞ്ചോ ആറോ കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പ്രതി ഒളിവിലിരുന്നു എന്നത് സംശമുളവാക്കുന്നതാണ്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വേണ്ടത്ര കരുതല്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. കുന്നത്തൂര്‍ ദേവാസുര ബാറില്‍ ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ സുഹൃത്തിനെ കൊണ്ടുപോകാനെത്തിയ വടക്കേക്കാട് മുരിയന്തടം കോതോട്ട് വീട്ടില്‍ വിഷ്ണുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലായിരുന്നു അറസ്റ്റ്. പ്രതി രക്ഷപ്പെട്ട സംഭവത്തിൽ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ എ ബൈജു, പി കെ സിനീഷ്, പി പ്രവീൺ, അഖിൽ എന്നിവരെ അന്വേഷണ വിധേയമായി കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments