ad
Deshabhimani

കുതിരാന്‍ മണ്ണിടിച്ചില്‍

വിദഗ്ധസംഘം 
പരിശോധന നടത്തി

കുതിരാൻ തുരങ്കപാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ 
സർവേ ഓഫ് ഇന്ത്യ നേതൃത്വത്തിലുള്ള വിദഗ്ധസംഘാംഗം പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 01:06 AM | 1 min read

സ്വന്തം ലേഖകൻ

തൃശൂർ

ദേശീയപാത 544-ലെ കുതിരാന്‍ തുരങ്കപാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്ഐ)യുടെ വിദഗ്ധസംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. സീനിയര്‍ ജിയോളജിസ്റ്റുകളായ എ രമേശ് കുമാര്‍, എസ്‌ നിശാന്ത് എന്നിവരടങ്ങിയ സംഘമാണ്‌ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഹസാര്‍ഡ് അനലിസ്റ്റ്, വനം വകുപ്പ്–പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. തുരങ്കമുഖത്തെയും അതിനുമുകളിലുള്ള കുന്നിന്‍ ചെരിവിലെയും നിലവിലെ ചരിവ് സ്ഥിരത, മണ്ണ്– -പാറ സ്വഭാവം, ജലനിര്‍ഗമന സൗകര്യങ്ങള്‍, അപായസാധ്യതകള്‍ എന്നിവ സംഘം വിലയിരുത്തി വിവരങ്ങള്‍ ശേഖരിച്ചു. സമഗ്രമായ പഠനത്തിനായി തുരങ്ക നിർമാണ സമയത്ത് തയ്യാറാക്കിയ ഡിസൈൻ രേഖകൾ, ഡിപിആർ, ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ നൽകാൻ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയും കൂടി പരിശോധിച്ച ശേഷം അപകടസാധ്യത ഇല്ലാതാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള നിർദേശങ്ങൾ ജിഎസ്ഐ സർക്കാരിന് സമർപ്പിക്കും. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ഭൂജല-–വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജ് തുടങ്ങിയവയിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘവും സ്ഥലപരിശോധന നടത്തി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home