ad
Deshabhimani

ജനവാസമേഖലയിൽ പുലിയെ തുറന്നുവിട്ടത്‌ 
പ്രതിഷേധാർഹം: കർഷകസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 02:20 AM | 1 min read

കൊല്ലം

ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതും ഏറെ ജനസാന്ദ്രതയുള്ളതുമായ അച്ചൻകോവിൽ മേഖലയിൽ വനപാലകർ പുലിയെ തുറന്നുവിട്ട നടപടി നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് കേരള കർഷക സംഘം ജില്ലാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മറ്റു പ്രദേശങ്ങളിൽനിന്ന് പിടികൂടുന്ന കാട്ടുമൃഗങ്ങളെ സാധാരണയായി മൂഴിയാറിൽനിന്ന്‌ 50 കിലോമീറ്ററിലധികം ദൂരെയുള്ള ഉൾവനങ്ങളിലോ കടുവാസങ്കേതങ്ങളിലോ ആണ് തുറന്നുവിടുന്നത്. എന്നാൽ, ഇതിന് വിപരീതമായി ആയിരക്കണക്കിന് തീർഥാടകരും സാധാരണക്കാരും എത്തുന്ന അച്ചൻകോവിലിന്റെ ഭൂമിശാസ്ത്രപരവും തീർഥാടനപരവുമായ പ്രാധാന്യം പോലും പരിഗണിക്കാതെ ജനവാസമേഖലയിൽ തന്നെ പുലിയെ തുറന്നുവിട്ട വനംവകുപ്പ്‌ നടപടി ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ്. കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ധനസഹായവും അടിയന്തരമായി ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. മേഖലയിൽ കാട്ടുപോത്തിന്റെയും ആനയുടെയും ആക്രമണം അതിരൂക്ഷമായി തുടരുന്പോൾത്തന്നെ ആർആർടി ഓഫീസ്‌ പ്രവർത്തനം നിർത്തലാക്കിയ നടപടി അംഗീകരിക്കാനാകില്ല. ഓഫീസ് പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണം. വന്യമൃഗശല്യം രൂക്ഷമായ എല്ലാ പ്രദേശങ്ങളിലും സന്നദ്ധരായ തദ്ദേശീയരെയും ജനപ്രതിനിധികളെയും ആദിവാസി വിഭാഗങ്ങളെയും ഉൾപ്പെടുത്തി ‘പ്രൈമറി റെസ്പോൺസ് ടീമുകൾ' അടിയന്തരമായി രൂപീകരിക്കാൻ സർക്കാർ സന്നദ്ധമാകണം. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന വനപാലകരുടെ നടപടി അവസാനിപ്പിക്കണമെന്നും പ്രദേശവാസികളുടെ ആശങ്കകൾ ശാശ്വതമായി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജില്ലാ പ്രസിഡന്റ്‌ വി കെ അനിരുദ്ധനും സെക്രട്ടറി അഡ്വ. ബിജു കെ മാത്യുവും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home