Deshabhimani

ആകാശത്തിനുമപ്പുറം

World Space Week
വെബ് ഡെസ്ക്

Published on Oct 01, 2026, 08:09 AM | 2 min read

ഒക്‌ടോബർ നാലുമുതൽ 10 വരെ അന്താരാഷ്‌ട്രബഹിരാകാശ വാരാചരണത്തിന്‌ (World Space Week)തെരഞ്ഞെടുത്തതിന്റെ കാരണം കൂട്ടുകാർക്ക്‌ അറിയാമോ? 1957 ഒക്ടോബർ നാലിനാണ് സോവിയറ്റ് യൂണിയൻ ലോകത്ത് ആദ്യമായി ഒരു കൃത്രിമോപഗ്രഹം -സ്പുട്നിക്ക് 1 - ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് .1967 ഒക്ടോബർ 10 നാണ് ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങൾക്കായുള്ള ഐക്യരാഷ്‌ട്രസഭ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നത്.


റോക്കറ്റ് സാങ്കേതിക വിദ്യയിൽ നടക്കുന്ന വലിയ മാറ്റങ്ങൾ അടയാളപ്പെടുത്താൻ ‘റോക്കറ്റ്‌ വിപ്ലവം’ എന്നതാണ്‌ ഇ‍ൗ വർഷത്തെ വാരാചരണപ്രമേയം. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ,വാണിജ്യ വിക്ഷേപങ്ങൾ ,സ്റ്റാർട്ടപ്പുകൾ ,വിദ്യാർഥി ടീമുകൾ , പുതിയ രാജ്യങ്ങളിലെ ബഹിരാകാശ ദൗത്യങ്ങൾ മുതലായവ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും എങ്ങനെ സാധ്യമാക്കാമെന്നതാണ് പ്രമേയത്തിന്റെ മുഖ്യ ആശയം


​​ബഹിരാകാശത്തേക്ക് പോകാം


ബഹിരാകാശ നിലയത്തിലെത്തുന്ന ( ISS ) ആദ്യ മലയാളിയാണ് നാസയുടെ ബഹിരാകാശ യാത്രികനായ അനിൽ മേനോൻ. ​ബ്ലൂ ഒറിജിൻ കമ്പനി 2.2 കോടി മുതൽ (10 മിനിറ്റ് മാത്രം ചെലവഴിക്കാം) 8.8 കോടി രൂപവരെ ചെലവിൽ താത്പര്യമുള്ളവരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നുണ്ട്. പക്ഷേ ചാന്ദ്ര ദൗത്യത്തിൽ കേന്ദ്രീകരിക്കുന്നതിനാൽ 2026 ജനുവരിമുതൽ അവർ ഈ പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്.


ബഹിരാകാശനിലയത്തിലേക്കുള്ള ഓർബിറ്റൽ( Orbital) യാത്രയ്‌ക്ക്‌ ഒരു സീറ്റിന് ഏകദേശം 485 കോടി രൂപ ചെലവ്‌ വരും. എന്നാൽ 1.1 കോടി രൂപയുണ്ടെ ങ്കിൽ ബജറ്റ് ഓപ്ഷനിലൂടെ 30 കിലോ മീറ്റർ ഉയരത്തിൽ പോയി കാഴ്ചകൾ കാണാം. പക്ഷെ റോക്കറ്റിലല്ല ബലൂണിൽ . ഭാവിയിൽ Space Xന്റെ Starship വരുമ്പോൾ യാത്രച്ചെലവ് കുറയുമെന്ന് പ്രതീക്ഷിക്കാം.


​ഇന്ത്യയുടെ പര്യവേക്ഷണങ്ങൾ


​1969-ൽ രൂപവത്കൃതമായ ഐഎസ്ആർഒ ആണ് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളുടെ ചുമതല വഹിക്കുന്നത് . 1975-ലാണ്‌ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് . ചന്ദ്രയാൻ ഒന്ന്, രണ്ട‍് ,മൂന്ന് ദൗത്യങ്ങൾ ( ലോകരാജ്യങ്ങളിൽ, ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ) മംഗൾയാൻ എന്ന ചൊവ്വാദൗത്യം ( ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകമെത്തിക്കുന്ന ആദ്യ രാജ്യം), 104 ഉപഗ്രഹങ്ങൾ ഒരൊറ്റ വിക്ഷേപണത്തിലൂടെ (PSLV C 37) ബഹിരാകാശത്തെത്തിച്ചത് തുടങ്ങിയവ അഭിമാന പദ്ധതികളായി. സ്വന്തമായി ജിഎസ്‌എൽവി റോക്കറ്റുകൾക്കായുള്ള ക്രയോജനിക് എൻജിൻ വികസിപ്പിച്ചെടുത്തു. 2023-ൽ വിക്ഷേപിച്ച സൂര്യ പര്യവേക്ഷണം ലക്ഷ്യമിട്ടുള്ള ആദിത്യ - L1 വിക്ഷേപിച്ചു.


ഐഎസ്‌ആർഒ ഇതേവരെ 560-ൽപരം സാറ്റലൈറ്റ് വിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഭൗമനിരീക്ഷണ സാറ്റലൈറ്റായ ഇഒഎസ് - 05 ശ്രീഹരിക്കോട്ടയിൽനിന്നും 2026 സെപ്തംബർ നാലിന് വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രയാൻ നാല് , അഞ്ച് എന്നിവയെല്ലാം പ്രധാനപ്പെട്ട ഭാവി പദ്ധതികളാണ്.


ബഹിരാകാശവാരത്തിൽ എന്തൊക്കെ ചെയ്യാം ?


​* സ്പേസ് ഗാലറി തയ്യാറാക്കാം.വിദ്യാലയത്തിലെ ഒരു റൂമിലെങ്കിലും ഇന്ത്യയുടെ പ്രധാന ബഹിരാകാശ നേട്ടങ്ങൾ ചിത്രീകരിക്കാം . ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, ബഹിരാകാശ നിലയം എന്നിവ പ്രദർശിപ്പിക്കാം. സീലിങ്ങിൽ നക്ഷത്രക്കൂട്ടങ്ങൾ വരച്ച് ചേർക്കാം .

* സമീപ പ്രദേശത്തെ പ്ലാനറ്റേറിയം സന്ദർശിക്കാം.

തിരുവനന്തപുരത്തെ IIST, (ഏഷ്യയിലെആദ്യ സ്പേസ് യൂണിവേഴ്സിറ്റി) VSSC മുതലായ സ്ഥാപനങ്ങളിലേക്ക്‌ പഠനയാത്ര നടത്താം .

* റോക്കറ്റ്, സാറ്റലൈറ്റ്, ബഹിരാകാശനിലയം, സൗരയൂഥം തുടങ്ങിയവയുടെ മാതൃകനിർമാണ മത്സരം സംഘടിപ്പിക്കാം.

* മിനി റോക്കറ്റിന്റെ (വാട്ടർ റോക്കറ്റ് ) വർക്കിങ്‌ മോഡൽ നിർമിക്കാം .

* ബഹിരാകാശ നേട്ടങ്ങൾ ,പര്യവേക്ഷണങ്ങൾ വിഷയത്തിൽ പ്രഭാഷണം ,ക്വിസ് ,പാനൽ ചർച്ച ,സെമിനാർ ,സംവാദം തുടങ്ങിയവ നടത്താം .

* ബഹിരാകാശ പതിപ്പുകൾ ,ആൽബങ്ങൾ ,ചുമർപത്രങ്ങൾ എന്നിവ തയ്യാറാക്കി പ്രദർശിപ്പിക്കാം .

* സാങ്കൽപ്പിക ബഹിരാകാശ സഞ്ചാരിയുമായി അഭിമുഖം നടത്താം .

* ബഹിരാകാശ യാത്രകളുടെ വീഡിയോ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം.

* ബഹിരാകാശം -പോസ്റ്റർ ,ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കാം.

* രാത്രിയിൽ ടെലിസ്കോപ്പ് വഴി നക്ഷത്ര നിരീക്ഷണം നടത്താം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home