എസ്എഫ്ഐക്കെതിരായ പൊലീസ് അതിക്രമം; സമഗ്ര അന്വേഷണം വേണം: വി ശിവൻകുട്ടി

യൂണിവേഴ്‍സിറ്റി ഹോസ്റ്റലിലേയ്ക്ക് പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദിക്കുന്നു, വി ശിവന്‍കുട്ടി, വാര്‍ത്താസമ്മേളനത്തില്‍ നിന്നും
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി. രാഷ്ട്രീയപരമായി സ്വീകരിക്കേണ്ട നടപടി പാർടി സ്വീകരിക്കുമെന്നും അദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനയാണ് എസ്എഫ്ഐ. അതുകൊണ്ട് തന്നെ എസ്എഫ്ഐയെ തകർക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിന്റെയും സർക്കാരിന്റെയും ലക്ഷ്യമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ബുധൻ രാത്രി നടന്ന സംഘർഷത്തിൽ വ്യാപകമായി എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വധശ്രമത്തിനാണ് കേസെടുത്തത്. അത്തരത്തിൽ യാതൊരുവിധത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും എസ്എഫ്ഐക്കാർക്കെതിരെ തിരുവനന്തപുരം നഗരത്തിൽ എടുത്തിട്ടുള്ള കേസുകൾ പരിശോധിച്ചാൽ 75 ശതമാനവും വധശ്രമത്തിനുള്ള കേസാണെന്നും ഇതെല്ലാം കള്ളക്കേസാണെന്നും അദേഹം പറഞ്ഞു.
ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തെ സംസ്ഥാനമാണ് കേരളം. കേസെടുക്കുന്നതിനും ഇവിടെ നിയമങ്ങളുണ്ട്. അതിനനുസൃതമായി മാത്രമേ നടപടികൾ സ്വീകരിക്കാൻ പാടൊള്ളൂവെന്നും ശിവൻകുട്ടി വ്യക്തമാക്കി. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് നടത്തുകയായിരുന്നു. അതിക്രൂര മർദനത്തിൽ വിദ്യർഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.








0 comments