Deshabhimani

കോടിയേരിയുടെ വിയോഗം സൃഷ്ടിച്ചത് നികത്താനാവാത്ത വിടവ്: പിണറായി വിജയൻ

Kodiyeri Pinarayi Vijayan.JPG
വെബ് ഡെസ്ക്

Published on Oct 01, 2026, 08:32 AM | 2 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിൻ്റെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ലെന്നും പിണറായി പറഞ്ഞു.


മികച്ച ഭരണാധികാരി, ശ്രദ്ധേയനായ പാർലമെന്റേറിയൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി. നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, ഭരണ-പ്രതിപക്ഷ ബഞ്ചുകളിലായി മികച്ച പാർലമെന്റേറിയനെന്ന നിലയിൽ വലിയ അംഗീകാരം നേടി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസ് സേനയിൽ നടപ്പിലാക്കിയ സമഗ്രമായ പരിഷ്കാരങ്ങളും, ടൂറിസം മേഖലയ്ക്ക് നൽകിയ പുതിയ ഉണർവും മികച്ച ഭരണാധികാരി എന്ന വിശേഷണം കോടിയേരിക്ക് നേടിക്കൊടുത്തെന്നും പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു


ഫെയ്സ്ബുക്ക് കുറിപ്പ്


പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷം തികയുകയാണ്. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിൻ്റെ സ്മരണകൾ നമുക്ക് മുന്നിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു. ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിൻ്റെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.


വിദ്യാർത്ഥി സംഘടനാ രംഗത്തു നിന്നും വളർന്നു വന്ന്, അടിയന്തരാവസ്ഥയുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി, ജനകീയ സമരങ്ങളുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേത്. തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് സഖാവ് മുൻപന്തിയിലുണ്ടായിരുന്നു.


മികച്ച ഭരണാധികാരി, ശ്രദ്ധേയനായ പാർലമെന്റേറിയൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി. നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, ഭരണ-പ്രതിപക്ഷ ബഞ്ചുകളിലായി മികച്ച പാർലമെന്റേറിയനെന്ന നിലയിൽ വലിയ അംഗീകാരം നേടി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പോലീസ് സേനയിൽ നടപ്പിലാക്കിയ സമഗ്രമായ പരിഷ്കാരങ്ങളും, ടൂറിസം മേഖലയ്ക്ക് നൽകിയ പുതിയ ഉണർവും മികച്ച ഭരണാധികാരി എന്ന വിശേഷണം കോടിയേരിക്ക് നേടിക്കൊടുത്തു.


വ്യക്തിപരമായി വലിയൊരു നഷ്ടമാണ് സഖാവിൻ്റെ വിയോഗം സൃഷ്ടിച്ചത്. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നു. ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച കോടിയേരിയുടെ സ്മരണകൾ സമത്വപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് എക്കാലവും ഊർജം പകരും. സഖാവിൻ്റെ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാം. അഭിവാദ്യങ്ങൾ.















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home