സമാധാനചർച്ചകൾക്ക് പുല്ലുവില; ഇറാന് സഹായം നൽകുന്ന കൂടുതൽ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ: അമേരിക്കയും ഇറാനുമായുള്ള സമാധാനചർച്ചകൾ പുരോഗമിക്കെ കൂടുതൽ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാന് സഹായം നൽകുന്നു എന്നാരോപിച്ചാണ് ഉപരോധം. ഇറാൻ സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളൾക്കെതിരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സഹായം നൽകുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ നൽകിയാൽ 15 മില്യൺ ഡോളർ നൽകുമെന്ന് അമേരിക്ക അറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അമേരിക്ക ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാൻ സംയുക്ത സൈനിക മേധാവി ജനറൽ അമീർ ഹതാമി അറിയിച്ചിരുന്നു.
കനത്ത പ്രഹരമേറ്റ ശത്രു, ഇനിയും ശക്തമായ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണം. ഹോർമുസ് തുറക്കുന്നതിനായി മുന്നോട്ടുവച്ച ഏഴു ദിവസത്തെ നിർദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നത് വിശ്വാസയോഗ്യമല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ഓരോ ഘട്ട ചർച്ചകൾക്ക് ശേഷവും കൂടുതൽ ആക്രമണങ്ങളും ഉപരോധങ്ങളുമാണ് അമേരിക്ക നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ അമേരിക്ക കടുത്ത പ്രതിസന്ധിയിലാണെന്നും വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ശക്തമായി നേരിടുമെന്നും ഇറാൻ ആർമി വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നൽകി.








0 comments