ഗൗതം കൃഷ്‌ണനെ കാണാതായിട്ട് 12നാൾ
ശക്തികുളങ്ങര കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ
Published on Aug 12, 2026, 02:21 AM | 1 min read
കൊല്ലം
മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്‌ണനായി ശക്തികുളങ്ങര ഹാർബറിൽ വാർഫിന്റെ അടിഭാഗത്തും ശക്തികുളങ്ങര ഹാർബറിന് കിഴക്കുവശം അഷ്ടമുടിക്കായലിനോട് ചേർന്നും കൂടുതൽ തിരച്ചിൽ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഗൗതം കൃഷ്‌ണയുടെ കുടുംബവും ഇക്കാര്യം ആവശ്യപ്പെട്ടതായി അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ ഉണ്ടായിരുന്ന ശ്രീദാസ് പറഞ്ഞു. ശ്രീദാസിന്റെ സഹോദരീഭർത്താവാണ് അപകടത്തിൽ മരിച്ച രാജീവൻ. അപകടത്തിൽ മരിച്ച മറ്റൊരു മത്സ്യത്തൊഴിലാളി രാധാകൃഷ്‌ണന്റെ മൃതദേഹം ലഭിച്ചത് ശക്തികുളങ്ങര ഹാർബറിന് കിഴക്കുനിന്നാണ്. രാധാകൃഷ്‌ണന്റെ മകനാണ് ഗൗതം കൃഷ്‌ണ. ഇതുവരെ ഇൗ ഭാഗങ്ങളിൽ ഫലപ്രദമായ തിരച്ചിൽ നടന്നിട്ടില്ല. ശക്തികുളങ്ങര ഹാർബറിന് സമീപമാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഗൗതം വലിയിൽ കുരുങ്ങി ഹാർബർ വാർഫിന്റെ അടിഭാഗത്ത് പാറയിലോ മറ്റോ ഉടക്കിക്കിടക്കാൻ സാധ്യതയേറെയാണെന്ന് കടലിന്റെ അടിത്തട്ട് പരിചയമുള്ള മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതുമല്ലെങ്കിൽ കിഴക്കുഭാഗത്തേക്ക് ഒഴുക്കിൽപ്പെട്ട് പോകാനുള്ള സാധ്യതയുമുണ്ട്. അതിനിടെ മത്സ്യത്തൊഴിലാളികളെ കാണാതായ ആദ്യമണിക്കൂറുകളിൽ ആധുനിക സംവിധാനത്തോടെ മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ഇന്നത്തെ ദുരവസ്ഥ ഒഴിവാക്കാമായിരുന്നെന്നും മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും പറഞ്ഞു. തിരച്ചിലിന് സർക്കാർ വിലപ്പെട്ട നിർണായക സമയം നഷ്ടപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. ഏഴുദിവസം കഴിഞ്ഞാണ് വ്യാപക തിരച്ചിലിന് നടപടിയുണ്ടായത്. നേവി എത്തിയത് ഞായറാഴ്‌ച മുതലും.









0 comments