ad
Deshabhimani

മാനദണ്ഡവിരുദ്ധ 
സ്ഥലംമാറ്റം വ്യാപകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 02:23 AM | 2 min read

കൊല്ലം

യുഡിഎഫ-്‌ അധികാരത്തിൽ എത്തിയശേഷം ജില്ലയിൽ ക്രമവിരുദ്ധമായി സ്ഥലംമാറ്റിയത്‌ 412 ജീവനക്കാരെ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നശേഷം മെയ് നാലുമുതലാണ്‌ ജില്ലയിൽ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ വ്യാപകമായത്‌. മാനുഷിക പരിഗണന പോലും കാട്ടാതെ മുലയൂട്ടുന്ന അമ്മമാർ, പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാർ എന്നിവരടക്കമുള്ളവരെ വിദൂരസ്ഥലങ്ങളിലേക്കാണ്‌ മാറ്റിയത്‌. രാഷ്ട്രീയപ്രേരിതമായി എൻജിഒ യൂണിയൻ നേതാക്കളെയും പ്രവർത്തകരെയും തിരഞ്ഞുപിടിച്ചാണ്‌ സ്ഥലംമാറ്റിയത്‌. തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്ന്‌ പോലും ഉത്തരവിറക്കി യൂണിയൻ പ്രവർത്തകനായ ജീവനക്കാരനെ സ്ഥലംമാറ്റിയതും വിവാദമായി. തദ്ദേശ സ്വയംഭരണ വകുപ്പിൽ 39 ഓഫീസ് അറ്റൻഡർമാരെ സ്ഥലംമാറ്റിയ പട്ടികയിൽ ഒരു സീനിയർ ക്ലർക്ക്‌ ഉൾപ്പെട്ടതും വിരോധാഭാസം. പൊതുമരാമത്ത്, റവന്യൂ, പൊതുവിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, കൃഷി, തൊഴിൽ, ജലസേചനം തുടങ്ങിയ വകുപ്പുകളിലാണ്‌ കൂട്ട സ്ഥലംമാറ്റം നടന്നത്‌. ഇതിൽ പലതും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെട്ട്‌ മരവിപ്പിച്ചു. സഹകരണ വകുപ്പിൽ 10 ഓഫീസ് അറ്റൻഡർമാരെ ജില്ലയിൽ ദൂരെസ്ഥലങ്ങളിലേക്കാണ്‌ മാറ്റിയത്‌. ഇതിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തെതുടർന്ന്‌ താൽക്കാലികമായി റദ്ദാക്കി. എന്നാൽ, സമ്മർദഫലമായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്‌ട്രാർ, ആ ഉത്തരവ് വീണ്ടും ഇറക്കി. അതിൽ ഉൾപ്പെട്ട അഞ്ച്‌ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. സഹകരണ വകുപ്പിൽ സീനിയർ ക്ലർക്കുമാരെയും ജൂനിയർ ഇൻസ്പെക്ടർമാരെയും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി. പിന്നീട് 38 ജൂനിയർ ഇൻസ്‌പെക്ടർമാരെ മറ്റു ജില്ലകളിലേക്കും മാറ്റി. സഹകരണ വകുപ്പിൽ യൂണിയൻ കുന്നത്തൂർ ഏരിയ സെക്രട്ടറിയായ ജൂനിയർ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയതും ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ക്ലർക്ക് തസ്തികയിലുള്ള 30ൽപ്പരം ജീവനക്കാരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. ഒരു ഫുൾടൈം സ്വീപ്പറെയും ഇത്തരത്തിൽ മാറ്റി. കൊല്ലം ജോയിന്റ് ഡയറക്ടർ ഓഫീസിൽനിന്ന് എൻജിഒ യൂണിയൻ പ്രവർത്തകനായ ജീവനക്കാരനെ കടയ്ക്കലേക്ക് മാറ്റാൻ കൊല്ലം ജെഡി ഓഫീസിൽ നിന്ന് ഉത്തരവിറക്കുന്നതിന് പകരം തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്നാണ് ഉത്തരവിറക്കിയത്. രജിസ്ട്രേഷൻ, ആരോഗ്യവകുപ്പുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. എൻജിഒ യൂണിയൻ പ്രവർത്തകരായ ജീവനക്കാരെ ഉൾപ്പെടെ കടയ്ക്കൽ, ചിതറ ഓഫീസുകളിലേക്കാണ് മാറ്റിയത്. ജില്ലാ ആശുപത്രിയിൽ എൻജിഒ യൂണിയൻ പ്രവർത്തകരായ ഗ്രേഡ് ടു ജീവനക്കാരെ ഉൾപ്പെടെ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ക്ലറിക്കൽ തസ്തികയിൽ ജോലിചെയ്യുന്ന 44ൽപ്പരം ജീവനക്കാരെയും ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ആരോഗ്യവകുപ്പ്‌ ഓഫീസിൽ 23 അറ്റൻഡർമാർ, 44 ക്ലർക്കുമാർ, 33 ഫാർമസിസ്റ്റുമാരും സ്ഥലംമാറ്റത്തിന്‌ ഇരയായി. സ്ഥലംമാറ്റിയ ഫാർമസിസ്റ്റുകളിൽ ഒരു ഭിന്നശേഷി കുട്ടിയുടെ അമ്മയും ഉൾപ്പെട്ടു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home