അംബേദ്കർ ഗ്രാമപദ്ധതി സമർപ്പണം
ചടങ്ങ് പൊളിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം

പൊയ്യ
കോൺഗ്രസ് ഭരണസമിതിയുള്ള പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ഉന്നതിയിൽ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ സമർപ്പണ ചടങ്ങ് പൊളിക്കാൻ പ്രസിഡന്റ് ഡെയ്‌സി തോമസ് ശ്രമിച്ചതായി ആക്ഷേപം. യോഗത്തിൽ നിന്ന് പ്രസിഡന്റ് ഇറങ്ങിപ്പോയി. നോട്ടീസിൽ സ്വന്തം പാർടി അംഗമായ വൈസ് പ്രസിഡന്റ് ടി കെ കുട്ടന്റെ പേര് പോലും ഉൾപ്പെടുത്തിയിരുന്നില്ല. മന്ത്രി ഒ ആർ കേളു പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ തദ്ദേശവാസികൾക്ക് അന്നേ ദിവസം തൊഴിലുറപ്പു പണിയിൽ ഇളവ് അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളാരും പരിപാടിയിൽ പങ്കെടുത്തില്ല. അംബേദ്‌കർ ഗ്രാമം പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രധാന അംഗമാണ് പഞ്ചായത്ത് പ്രസിഡന്റ്. ഇതിന്റെ നോട്ടീസിൽ ഉൾപ്പെടുത്തേണ്ട പേരുകൾ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാക്കിയത് ആണെന്നും ഡ്രാഫ്റ്റ് പ്രൂഫ് കൂടി നോക്കി പ്രിന്റ് ചെയ്യാൻ പറഞ്ഞതിന് ശേഷമാണ് നോട്ടീസ് അച്ചടിച്ചത് എന്നും ഡിപ്പാർട്ട്മെന്റ് വിശദീകരണം. അതിൽ വൈസ് പ്രസിഡന്റിന്റെ പേര് മനഃപൂർവം വിട്ട് കളഞ്ഞതാണെന്ന് ആരോപണമുയരുന്നു. തദ്ദേശവാസികൾക്ക് അന്നേ ദിവസം തൊഴിലുറപ്പു പണിയിൽ ഇളവ് അനുവദിച്ചു മറ്റൊരു ദിവസം തൊഴിൽ നൽകാമായിരുന്നിട്ടും ചെയ്യാതിരുന്നതും പ്രതിഷേധത്തിനു വഴിയൊരുക്കി. പട്ടികജാതി വിഭാഗക്കാരുടെ പരിപാടി ആയതു കൊണ്ടാണോ ഇത്തരം നടപടിയെന്ന ഉന്നതി നിവാസികൾ ചോദ്യം ഉന്നയിച്ചു. ഇതു സംബന്ധിച്ച് വി ആർ സുനിൽകുമാർ എംഎൽഎ പ്രസിഡന്റിനോട് കാര്യം തിരക്കി. എന്നാൽ വ്യക്തമായ മറുപടിയില്ലാതെ സംഘാടക സമിതി ചെയർപേഴ്സൺ കൂടിയായ പ്രസിഡന്റ് ഡെയ്‌സി തോമസ് പരിപാടിയിൽ പങ്കെടുക്കാതെ പോവുകയായിരുന്നു എന്ന് എംഎൽഎ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാതെ പോയത് ജനാധിപത്യ മര്യാദയ്ക്ക് യോജിക്കാതതാണെന്ന് തദ്ദേശവാസികൾ പറഞ്ഞു.








0 comments