കൂട്ടുകാരിക്ക് സ്നേഹത്തണലൊരുക്കി സഹപാഠികൾ

ഗീത വിശ്വനാഥനുവേണ്ടി നിർമിച്ചു നൽകിയ സ്നേഹഭവനം
കുഴിക്കാട്ടുശേരി
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോയ പ്രിയ കൂട്ടുകാരിക്ക് സുരക്ഷിതമായൊരു വീടൊരുക്കി കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ 1990–91 എസ്എസ്എൽസി ബാച്ചിലെ കൂട്ടുകാർ. 400 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് 170 ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെ കുഴിക്കാട്ടുശേരി സ്വദേശി ഗീത വിശ്വനാഥന് വേണ്ടി ഒരുക്കിയത്. അന്തിയുറങ്ങാൻ സ്വന്തമായി സുരക്ഷിതമായൊരു കിടപ്പാടമില്ലാതെ ഏറെ ദുരിതപൂർണമായ സാഹചര്യത്തിലായിരുന്നു ഗീതയുടെ ജീവിതം. 2024 ഡിസംബറിലാണ് എസ്എസ്എൽസി ബാച്ചിലെ കൂട്ടുകാർ ഒത്തുചേർന്നത്. ഗീതയുടെ ജീവിതസാഹചര്യങ്ങൾ അറിഞ്ഞതോടെ തണലൊരുക്കണമെന്ന ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ടായി. ഈ ആശയം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാൻ റിനി ജോഷി, ജീമോൾ കമറുദ്ദീൻ, മിനി ബിനോയ് എന്നിവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിദേശത്തുള്ളവരുമായ കൂട്ടുകാർ തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായവും മറ്റ് പിന്തുണകളും നൽകി. ഇതിന് കരുത്തേകാൻ കോൺട്രാക്ടർ സോജി ജോസും ഒപ്പം ചേർന്നു. ഒരു പൈസ പോലും ലാഭം പ്രതീക്ഷിക്കാതെയാണ് നിർമാണം ഏറ്റെടുത്തത്. ചിങ്ങം ഒന്നിന് ഗീതയ്ക്ക് വീടിന്റെ താക്കോൽ കൈമാറിയപ്പോൾ വർഷങ്ങൾക്കുശേഷം ഒന്നിച്ച സ്കൂൾ കൂട്ടുകാരുടെ കണ്ണുകൾ ഈറനണിഞ്ഞു.










0 comments