പൂരച്ചന്തം ചമയച്ചന്തം

തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനത്തില്‍ നിന്ന്
സ്വന്തം ലേഖിക
തൃശൂർ
‘പൂരം കൂടുതല്‍ കളറാക്കാന്‍ പരിശ്രമിച്ചവരല്ലേ ചിന്നിച്ചിതറി മരിച്ചത്?, ചമയ പ്രദര്‍ശനം കാണുമ്പോഴും അതുതന്നെയാണ് ഓര്‍മ വരുന്നത്... എന്നാലും മ്മള് തൃശൂർക്കാര്‍ക്ക് ചമയപ്രദര്‍ശനം കാണാതിരിക്കാന്‍ പറ്റ്വോ?’. അഗ്രശാലയില്‍ നടക്കുന്ന പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം കാണാനെത്തിയ പൂങ്കുന്നം സ്വദേശി രാഹുലിന്റെ വാക്കുകളാണിത്. രാഹുലടക്കം പ്രദര്‍ശനം കാണാനെത്തിയവരില്‍ ഭൂരിഭാഗവും മുണ്ടത്തിക്കോട് സ്ഫോടനമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല. പൂരാവേശം ഹ-ൃദയത്തിലേറ്റുമ്പോഴും പൂരം ഗംഭീരമാക്കാന്‍ ശ്രമിച്ച് പാതിവഴിയില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മയിലാണ് തൃശൂര്‍ക്കാര്‍. ആനച്ചമയത്തിന്റെ വിസ്മയക്കാഴ്ചകള്‍ കാണാൻ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഗ്രശാലയില്‍ തിരക്ക് കുറവാണ്. മുണ്ടത്തിക്കോട് സ്ഫോടനം ജനങ്ങളിലുണ്ടാക്കിയ ആഘാതവും ഉഷ്ണതരംഗ മുന്നറിയിപ്പുമാണ് കാരണം. നിറങ്ങളും തിളക്കങ്ങളും നിറഞ്ഞ തൃശൂര്‍ പൂരത്തിന്റെ ചെറു സാമ്പിളാണ് ചമയപ്രദര്‍ശനം. ആനച്ചമയം വിസ്മയം പകരുമ്പോഴും കുടമാറ്റത്തിനായി ഒരുങ്ങുന്ന പ്രത്യേക കുടകളെക്കുറിച്ചുള്ള ആകാംക്ഷയായിരുന്നു പ്രദര്‍ശനത്തിനെത്തിയവര്‍ക്ക്. അര്‍ധ വൃത്താകൃതിയിലാണ് പ്രധാന ചമയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. നെറ്റിപ്പട്ടം, കോലം, വെഞ്ചാമരം, ആലവട്ടം, വർണക്കുട എന്നിങ്ങനെയാണ് സജ്ജീകരിച്ചത്. വലിയ മണികൾ, പള്ളമണി, കഴുത്തുമണി, കാൽമണി, കച്ചക്കയർ, വർണാഭമായ കയറുകൾ, ചെറിയ മണികൾ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതമായി പൂരാരവവും ഉയരുന്നുണ്ട്. വിടർന്ന രീതിയിലാണ് കുടകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വിവിധനിറങ്ങളിലുള്ള മണല്‍ക്കുടയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പൂക്കുടയും ശിവന്‍, ഹനുമാന്‍, കൃഷ്ണന്‍, ഗണപതി, തെയ്യം, കൂണ്‍, മയില്‍പ്പീലി തുടങ്ങിയ രൂപങ്ങളോടെ ഇരുട്ടില്‍ തിളങ്ങുന്ന കുടകളും പ്രദര്‍ശനത്തിലുണ്ട്.










0 comments