ad
Deshabhimani

ചാലക്കുടിപ്പുഴയിലെ താൽക്കാലിക 
മണൽ ബണ്ട് പൊളിച്ചുമാറ്റി

ചാലക്കുടിപ്പുഴയിലെ താൽക്കാലിക 
മണൽ ബണ്ട് പൊളിച്ചുമാറ്റി

കോഴിത്തുരുത്ത് മണൽ ബണ്ട് പൊളിച്ചുനീക്കുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 12:15 AM | 1 min read

കുഴൂർ

കനത്ത മഴയിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കോഴിത്തുരുത്തിൽ നിർമിച്ച താൽക്കാലിക മണൽ ബണ്ട് പൊളിച്ചുമാറ്റി. ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര നിർദേശപ്രകാരം ഇറിഗേഷൻ വകുപ്പാണ് ബണ്ട് പൊളിച്ചത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബണ്ടിന്റെ മധ്യഭാഗം മുറിച്ചുമാറ്റി പുഴയിലെ വെള്ളം ഒഴുക്കിവിടാനുള്ള നടപടികൾ ആരംഭിച്ചു. ചാലക്കുടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായി വേനലിന്റെ തുടക്കത്തിലാണ് ഡ്രഡ്‌ജർ ഉപയോഗിച്ച് താൽക്കാലിക മണൽ ബണ്ട് നിർമിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിട്ടും ബണ്ട് പൊളിക്കാൻ അധികൃതർ തയ്യാറായില്ല. സാധാരണയായി ജൂൺ ഒന്നിനകം ഇറിഗേഷൻ വകുപ്പ് ഇടപെട്ട് ബണ്ട് പൊളിച്ചുമാറ്റാറുള്ളതാണ്. എന്നാൽ, ഇത്തവണ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. മണൽ ബണ്ട് സ്ഥിതി ചെയ്യുന്ന കോഴിത്തുരുത്ത് എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിന്റെ പരിധിയിലാണെങ്കിലും ഇവിടെ ജലനിരപ്പ് ഉയർന്നാൽ അത് ഗുരുതരമായി ബാധിക്കുന്നത് തൃശൂർ ജില്ലയിലെ കുഴൂര്‍, അന്നമനട, കാടുകുറ്റി പഞ്ചായത്തുകളെയും ചാലക്കുടി നഗരസഭയിലെ താഴ്‌ന്ന പ്രദേശങ്ങളെയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണക്കൻകടവ് സ്ലൂയിസിലെ തകർന്ന ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകിയിരുന്നു. വേനലിൽ ഉപ്പുവെള്ളം കയറുന്നത് തടയാനായി 26 വർഷങ്ങൾക്ക് മുമ്പ്‌ നിർമിച്ച കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്‌ജിലെ 10 ഷട്ടറുകളും തകർന്നതാണ് പ്രതിവർഷം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് താൽക്കാലിക മണൽ ബണ്ട് നിർമിക്കേണ്ടി വരുന്നതിന്‌ കാരണം. കണക്കൻകടവ് സ്ലൂയിസിലെ ഷട്ടറുകൾ പൂർണമായി നവീകരിക്കുക മാത്രമാണ് ഈ പ്രശ്നത്തിന് പരിഹാരമെന്ന് നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home