മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം: കെഎസ്‌കെടിയു

കൽപ്പറ്റ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി പിൻവലിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വയനാട്ടിലെ 241 പേർ അടക്കം മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. പിണറായി സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചതിലൂടെ ആദിവാസി വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്‌ക്കാനായി. ടിടിസിയും ബി എഡും കഴിഞ്ഞ പട്ടികവർഗക്കാർക്ക് ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും പട്ടികവർഗ വിഭാഗത്തെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുകയും ചെയ്തു. ഇവരെ പിരിച്ചുവിട്ട് ഏതു തരത്തിലുള്ള പുതുയുഗമാണ് യുഡിഎഫ് സർക്കാർ യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്നത്. ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തകർക്കുന്നതാണ് നടപടി. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകർക്കുന്ന യുഡിഎഫ് നയം തിരുത്തണം. പിരിച്ചുവിട്ട മുഴുവൻ അധ്യാപകരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും പട്ടികവർഗ മേഖലയുടെ വിദ്യാഭ്യാസ സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഷമീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി കെ ശശീന്ദ്രൻ, എം ഡി സെബാസ്റ്റ്യൻ, ബീനാ രതീഷ് എന്നിവർ സംസാരിച്ചു. വി വി രാജൻ സ്വാഗതവും വി ബാവ നന്ദിയും പറഞ്ഞു.










0 comments