നെടുപുഴ മേല്‍പ്പാലം യാഥാര്‍ഥ്യത്തിലേക്ക്
റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കേണ്ട

തൃശൂർ
റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കാതെ നെടുപുഴക്കാര്‍ക്ക് ഇനി നഗരത്തിലെത്താം. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നെടുപുഴ റെയിൽവേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ശനി വൈകിട്ട് 5ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരും റെയിൽവേയും നിര്‍മിക്കേണ്ട മേല്‍പ്പാലമാണ് കിഫ്‌ബി ഫണ്ടുപയോഗിച്ച് സംസ്ഥാന സർക്കാർ നിര്‍മിക്കുന്നത്. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ നഗരം ചുറ്റാതെയും റെയില്‍വേ ഗേറ്റില്‍ കുടുങ്ങാതെയും കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നുള്ളവര്‍ക്ക് അയ്യന്തോൾ കലക്ടറേറ്റിലേക്കും ഗുരുവായൂർ, കുന്നംകുളം എന്നിവിടങ്ങളിലേക്കും പോകാം. നഗരത്തിലെ ഗതാഗതക്കുരുക്കും ഒരു പരിധിവരെ കുറയും. പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് 36.23 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ലെവൽക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷനാണ് (ആർബിഡിസികെ) മേൽപ്പാലം നിര്‍മിക്കുന്നത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ കരാര്‍. സ്ഥലം വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരമായി 13.95 കോടി രൂപ നൽകി. കണിമംഗലം വില്ലേജിലെ 69 സെന്റ് ഭൂമിയാണ് മേൽപ്പാലം അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 590 മീറ്റർ നീളവും 10.2 മീറ്റർ വീതിയും മേല്‍പ്പാലത്തിനുണ്ടാകും. 7.5 മീറ്റർ ടാറിങ് വീതിയും ഒരു വശത്ത് കാൽനടയാത്രാ സൗകര്യവും ഉണ്ടാകും. മേൽപ്പാലം പൂർത്തിയാക്കുന്നതിനൊപ്പം കണിമംഗലം വലിയാലുക്കൽ – അരണാട്ടുകര–- പടിഞ്ഞാറെകോട്ട റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കും. ഇതിനായി കിഫ്ബി 10 കോടി അനുവദിച്ചിരുന്നു.










0 comments