ചരിത്രമറിയാം, കാഴ്‌ചകൾ കാണാം

അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിലെ ജനത്തിരക്ക്
പി വി ബിമൽ കുമാർ
Published on May 08, 2026, 12:12 AM | 1 min read
കൊടുങ്ങല്ലൂർ
അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലേക്ക് വരൂ, കടൽക്കാറ്റേറ്റ് ചരിത്രത്തിനൊപ്പം നടക്കാം കാഴ്‌ചകളും കാണാം. ജില്ലയിലെ ഏറ്റവും വലിയ ബീച്ചായ മുസിരിസിൽ ഉല്ലാസത്തിനായി ആയിരങ്ങളാണ് എത്തുന്നത്. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ അറബിക്കടലിൽ പതിക്കുന്ന അഴിമുഖവും നീളമേറിയ പുലിമുട്ടും സൗന്ദര്യവൽക്കരണവും ബിച്ചിലെ ആകർഷണമാണ്. വിശാലമായ ചൂളമരക്കാടും മിയാവാക്കി വനവും തീരത്തെ കൂടുതൽ മനോഹരമാക്കുന്നു. വിശാലമായ 35 ഏക്കറിൽ പരന്നുകിടക്കുന്ന ബീച്ച് ഭിന്നശേഷി സൗഹൃദം കൂടിയാണ്. ബീച്ചിലുടനീളം 26 വീൽചെയർ റാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കാഴ്ചവൈകല്യമുള്ളവർക്കായി സ്‌പർശിച്ച് അറിയാൻ സാധിക്കുന്ന കൈവരികളുള്ളതും അപകടരഹിതമായി നടക്കാൻ സാധിക്കുന്നതുമായ പാതകളുണ്ട്. വീൽചെയറിൽ ബീച്ചിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന പ്രവേശന കവാടങ്ങളുമുണ്ട്. ബീച്ചിൽ നിലവിലുള്ള സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലമാക്കി. പ്രകൃതി സൗന്ദര്യം നഷ്ടപ്പെടാതെ സൗന്ദര്യവൽക്കരണവും നടത്തിയതോടെ ജില്ലയിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ബീച്ചായി അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് മാറി. മൂന്ന് കിലോമീറ്ററോളം ദൂരത്തിലുള്ള സൈക്കിള്‍ പാത, വിശാലമായ പാര്‍ക്കിങ് സൗകര്യം, വിശ്രമ സങ്കേതങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, പാർക്ക്, മനോഹരമായ വഴിവിളക്കുകള്‍ തുടങ്ങിയവ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കി. തീരത്ത് നിന്നാൽ അഴിമുഖത്തിനടുത്തായി ഡോൾഫിനുകൾ തുള്ളിക്കളിക്കുന്നതും കാണാം. ചൂട് കനത്തതോടെ ഡോൾഫിനുകളുടെ വരവ് കുറഞ്ഞെങ്കിലും മഴക്കാലം തുടങ്ങിയാൽ ഡോൾഫിനുകൾ കൂട്ടത്തോടെയെത്തുമെന്നാണ് കരുതുന്നത്. കാഞ്ഞിരപ്പുഴയിലേക്കിറക്കിയ ചീനവലകളും ചന്തമുള്ള കാഴ്ചയാണ്. ചീനവലയിൽ ലഭിക്കുന്ന പിടയ്ക്കുന്ന മീൻ വാങ്ങാനും തിരക്കാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ടൂറിസ്റ്റ് പാക്കേജിലും ബീച്ച് ഉൾപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പായ്കപ്പലുകൾ നങ്കൂരമിട്ട് വിദേശികൾ ഇന്ത്യയിൽ പ്രവേശിച്ച പ്രദേശമെന്ന നിലയിൽ ചരിത്ര വിദ്യാർഥികളും ഇവിടെയെത്തുന്നുണ്ട്.










0 comments