ad
Deshabhimani

ഒപി ടിക്കറ്റ്‌ ലഭിക്കാതെ വലഞ്ഞ്‌ രോഗികൾ

തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ്‌ ക‍ൗണ്ടർ നിലച്ചതിനെത്തുടർന്ന്‌ അനുഭവപ്പെട്ട തിരക്ക്‌

വെബ് ഡെസ്ക്

Published on Jul 28, 2026, 12:14 AM | 1 min read


സ്വന്തം ലേഖകൻ

തൃശൂർ

കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ്‌ ലഭിക്കാത്തതിനെത്തുടർന്ന്‌ ഡോക്ടറെ കാണാൻ കഴിയാതെ വലഞ്ഞ്‌ രോഗികൾ. മണിക്കൂറുകൾ വരിനിന്നശേഷമാണ്‌ രോഗികൾക്ക്‌ ഒപി ടിക്കറ്റ്‌ ലഭിക്കുന്നത്‌. ഒപി ടിക്കറ്റ്‌ നൽകുന്ന സർവറിലെ പ്രശ്‌നമാണ്‌ കാരണമെന്നാണ്‌ അധികൃതരുടെ വിശദീകരണം. എന്നാൽ, ഇതിൽ എങ്ങനെ പരിഹാരം കാണുമെന്നതിനെക്കുറിച്ച്‌ അധികൃതർക്ക്‌ കൃത്യമായ മറുപടിയുമില്ല. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നതോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്‌. ജില്ലയിലെ രോഗങ്ങളുടെ കേന്ദ്രമായി നഗരം മാറുകയും ചെയ്‌തിട്ടുണ്ട്‌. ഇ‍ൗ ഘട്ടത്തിലാണ്‌ ഒപി ടിക്കറ്റ്‌ ലഭിക്കാൻ വലിയ കാത്തിരിപ്പ്‌ വേണ്ടിവരുന്നത്‌. അസുഖ ബാധിതരായ രോഗികൾക്ക്‌ കാത്തിരിക്കാൻപോലും ആവശ്യത്തിന്‌ ഇരിപ്പിടങ്ങളില്ലാത്ത സ്ഥിതിയുമുണ്ട്‌. രോഗികളുടെ എണ്ണം കൂടുമ്പോൾ കൂടുതൽ ക‍ൗണ്ടറുകൾ തുറന്ന്‌ പ്രശ്‌ന പരിഹാരം കാണണമെന്നാണ്‌ ആവശ്യം. എന്നാൽ‍, കോർപറേഷന്‌ കീഴിലുള്ള ജനറൽ ആശുപത്രിയിൽ ഇടപെടാൻ കോൺഗ്രസ്‌ ഭരണസമിതി ഇതുവരെയും തയ്യാറായിട്ടില്ല. ഒപി ടിക്കറ്റ്‌ ക‍ൗണ്ടറിലെ തിരക്ക്‌ നിയന്ത്രിക്കാൻ എൽഡിഎഫ്‌ സർക്കാർ ഓൺലൈൻ ഒപി ടിക്കറ്റ്‌ സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതിപ്പോൾ അട്ടിമറിച്ച സ്ഥിതിയിലാണ്‌. ഓൺലൈൻ മുഖേന ബുക്ക്‌ ചെയ്യാൻ കഴിയുന്നില്ല എന്ന പരാതി വ്യാപകമാണ്‌. ഓൺലൈൻ ബുക്കിങ്‌ ചെയ്‌തവർക്ക്‌ ഒപി ടിക്കറ്റ്‌ നൽകാനും കാര്യക്ഷമമായ സംവിധാനമില്ല. ഒരു ക‍ൗണ്ടറാണ്‌ ഇവർക്കായി പ്രവർത്തിക്കുന്നത്‌. ഇവിടെനിന്ന്‌ ടിക്കറ്റ്‌ ലഭിക്കുമ്പോഴേക്കും ഒപി സമയം കഴിയുന്നതായും രോഗികൾ പറഞ്ഞു. രാവിലെ എട്ടിന്‌ ഒപി ടിക്കറ്റ്‌ നൽകി ത്തുടങ്ങുകയും ഒന്പതിന്‌ പരിശോധന തുടങ്ങുകയും ചെയ്യും. ഒരു ദിവസം ശരാശരി 3500 പേരാണ്‌ ഒപിയിൽ ചികിത്സതേടി എത്തുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home