യുഎസ് ഓപ്പൺ: പോളിന ഇയാറ്റ്സെങ്കോയെ തകർത്ത് അരിന സബലെങ്ക മൂന്നാം റൗണ്ടിൽ

അരിന സബലെങ്ക| Photo: Getty Images
ന്യൂയോർക്ക് : യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം നിലനിർത്താനിറങ്ങിയ ലോക ഒന്നാം നമ്പർ താരം ബെലാറസിന്റെ അരിന സബലെങ്ക മൂന്നാം റൗണ്ടിൽ കടന്നു. രണ്ടാം റൗണ്ട് പോരാട്ടത്തിൽ റഷ്യൻ യോഗ്യതാ താരം പോളിന ഇയാറ്റ്സെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് (6-1, 6-1) സബലെങ്കയുടെ മുന്നേറ്റം.
ആർതർ ആഷേ സ്റ്റേഡിയത്തിൽ വെറും 53 മിനിറ്റുകൊണ്ടാണ് ഒന്നാം സീഡുകാരിയായ സബലെങ്ക മത്സരം അവസാനിപ്പിച്ചത്. തുടർച്ചയായ നാലാം വർഷമാണ് താരം യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്നത്. ഇതോടെ റാങ്കിങ്ങിൽ 160-ാം സ്ഥാനത്തുള്ള ഇയാറ്റ്സെങ്കോയുടെ കന്നി യുഎസ് ഓപ്പൺ യാത്ര രണ്ടാം റൗണ്ടിൽ അവസാനിച്ചു.
ആദ്യ സെറ്റ് മുതൽ തന്നെ മികച്ച ഫോം പുറത്തെടുത്ത സബലെങ്ക, ഇയാറ്റ്സെങ്കോയുടെ സെക്കൻഡ് സർവുകളെ ആക്രമിച്ചുകൊണ്ട് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം സെറ്റിലും ഇതേ ആധിപത്യം തുടർന്ന ബെലാറസ് താരം മത്സരത്തിൽ ആകെ ലഭിച്ച എട്ട് ബ്രേക്ക് പോയിന്റ് അവസരങ്ങളിൽ ആറെണ്ണവും പോയിന്റാക്കി മാറ്റി.
ഇയാറ്റ്സെങ്കോയ്ക്ക് മൂന്ന് വിന്നറുകൾ മാത്രമാണ് നേടാനായത്, സബലെങ്ക 24 വിന്നറുകൾ സ്വന്തമാക്കി. ആദ്യ റൗണ്ടിൽ കാമില ഒസോറിയോയെ മറികടക്കാൻ ഒരു മണിക്കൂറും 27 മിനിറ്റും എടുത്ത സബലെങ്കയ്ക്ക് രണ്ടാം റൗണ്ട് തികച്ചും അനായാസമായിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന മൂന്നാം റൗണ്ടിൽ റഷ്യയുടെ കാമില്ല റാഖിമോവയാണ് സബലെങ്കയുടെ എതിരാളി. രണ്ടാം റൗണ്ടിൽ ഒക്സാന സെലെഖ്മേതേവയെ തോൽപ്പിച്ചാണ് (6-3, 6-0) റാഖിമോവ മുന്നേറിയത്. മുൻപ് ഏറ്റുമുട്ടിയ മൂന്ന് തവണയും റാഖിമോവയ്‌ക്കെതിരെ വിജയം സബലെങ്കയ്‌ക്കൊപ്പമായിരുന്നു.









0 comments