ad
Deshabhimani

'കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല'; പോസ്റ്റ് മണിക്കൂറുകൾക്കകം മുക്കി മുഖ്യമന്ത്രി

SATHEESAN KANTHAPURAM POST
വെബ് ഡെസ്ക്

Published on Sep 03, 2026, 08:42 AM | 1 min read

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പിൻവലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എ പി വിഭാഗം സമസ്ത നേതാക്കൾ രാത്രി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.


'കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല' എന്ന തലക്കെട്ടോടെ നൽകിയ വീഡിയോ ആണ് പേജിൽ നിന്ന് ഒഴിവാക്കിയത്. പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലിയുടെ സാന്നിധ്യത്തിൽ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയ മുതിർന്ന നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ തിരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.


മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും 21-ാം നൂറ്റാണ്ടിൽ 19-ാം നൂറ്റാണ്ടിലെ കാര്യങ്ങളാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനിടെ കാന്തപുരത്തെ വിമർശിച്ചിരുന്നത്. ഖദീജ ബീവിയുടെയും ആയിഷയുടെയും മാതൃകകളും വാർത്താസമ്മേളനത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ഇ കെ വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ളവർ കാന്തപുരത്തിന് പിന്തുണയുമായി എത്തുകയും, എ പി വിഭാഗം പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെയാണ് രാത്രി തന്നെ കൂടിക്കാഴ്ചയും പോസ്റ്റ് പിൻവലിക്കലും ഉണ്ടായത്.


കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ യുഡിഎഫ് അനുകൂല കേന്ദ്രങ്ങളിൽ ‘ശക്തമായ നിലപാട്’ എന്ന വിശേഷണം വ്യാപകമായിരുന്നു. എന്നാൽ ആ നിലപാടിന്റെ വീഡിയോ 24 മണിക്കൂർ പോലും തികയ്ക്കാതെ പിൻവലിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും പരിഹാസം നിറഞ്ഞ പ്രതികരണങ്ങളാണ് ഉയരുന്നത്.


'സാധാരണ യു-ടേൺ എടുക്കാൻ 24 മണിക്കൂർ വേണം, ഇതിപ്പോൾ അതിലും വേഗത്തിലായല്ലോ' എന്നും 'നിലപാട് മണിക്കൂറുകൾ മാത്രം നീണ്ടുനിന്നു' എന്നുമൊക്കെയുള്ള പ്രതികരണങ്ങളോടെയാണ് വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home