ഹിമാചലിൽ 150 സ്കൂളുകൾക്ക് അധ്യാപകരില്ല; രാജ്യത്ത് ഒരു ലക്ഷം സ്കൂളുകൾക്ക് ഒറ്റ അധ്യാപകന്‍ മാത്രം

ന്യൂഡൽഹി: ഒരു സ്കൂൾ. ഒന്നിലധികം ക്ലാസുകൾ. പക്ഷേ പഠിപ്പിക്കാൻ ഒരാൾ മാത്രം. ചിലയിടത്ത് അതുപോലുമില്ല. ഹിമാചൽ പ്രദേശ് നിയമസഭയിൽ പുറത്തുവന്ന പുതിയ കണക്കുകൾ രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ പഴയ പ്രതിസന്ധി വീണ്ടും തുറന്നുകാട്ടുകയാണ്. സംസ്ഥാനത്ത് 150 സ്കൂളുകൾ ഒരു അധ്യാപകൻ പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. 3,500 സ്കൂളുകളിൽ ഒരേയൊരു അധ്യാപകൻ മാത്രമാണുള്ളത്. 2,500 സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം 15ൽ താഴെയാണെന്നും വിദ്യാഭ്യാസമന്ത്രി രോഹിത് ഠാക്കൂർ നിയമസഭയിൽ സമ്മതിച്ചു. പച്ഛാഡ് മണ്ഡലത്തിലെ 12 സ്കൂളുകളിൽ അധ്യാപകരില്ലെന്നും ചില സ്കൂളുകളിൽ 40ൽ അധികം കുട്ടികളുണ്ടായിട്ടും രക്ഷിതാക്കൾ പണം പിരിച്ച് അധ്യാപകരെ നിയമിക്കേണ്ടിവരുന്നുവെന്നും ബിജെപി എംഎൽഎ റീന കശ്യപ് സഭയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വിദ്യാർഥി–അധ്യാപക അനുപാതം രാജ്യത്തെ മികച്ചതാണെന്നാണ് ഹിമാചൽ സർക്കാർ പറയുന്നത്. എന്നാൽ ശരാശരി കണക്കിനുള്ളിൽ മറഞ്ഞുകിടക്കുന്ന യാഥാർഥ്യമാണ് വിദൂര മേഖലകളിലെ അധ്യാപകക്ഷാമം. സംസ്ഥാനതലത്തിൽ അധ്യാപകരുടെ എണ്ണം മതിയെന്ന് കണക്ക് കാണിക്കുമ്പോഴും അവരെ സ്കൂളുകളിലേക്ക് ശരിയായി വിന്യസിക്കാത്തതോടെ ചില സ്കൂളുകൾ അധ്യാപകരില്ലാതെയും മറ്റുചിലത് ഒരാളുടെ മാത്രം ചുമലിലുമാണ്. ഹിമാചലിലേത് ഒറ്റപ്പെട്ട ചിത്രമല്ല.
ഒരു ലക്ഷം സ്കൂളുകൾക്ക് ഒരേയൊരു അധ്യാപകൻ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജൂലൈയിൽ രാജ്യസഭയിൽ നൽകിയ ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്ത് 1,00,843 സ്കൂളുകളാണ് ഒരേയൊരു അധ്യാപകനെ വീതം ആശ്രയിച്ച് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പഠിക്കുന്നത് ഏകദേശം 29.12 ലക്ഷം കുട്ടികളാണ്. രാജ്യത്തെ ശരാശരി വിദ്യാർഥി–അധ്യാപക അനുപാതം മാനദണ്ഡത്തിനുള്ളിലാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് ഒരു ലക്ഷത്തിലധികം സ്കൂളുകളിൽ മുഴുവൻ ക്ലാസുകളുടെയും ചുമതല ഒരൊറ്റ അധ്യാപകനിലേക്ക് ചുരുങ്ങുന്നത്.
ഉത്തർപ്രദേശിൽ മാത്രം 7,874 ഒറ്റ അധ്യാപക സ്കൂളുകളുണ്ട്. രാജസ്ഥാനിൽ 7,200, അസമിൽ 3,159, ഉത്തരാഖണ്ഡിൽ 2,655, ഛത്തീസ്ഗഡിൽ 2,461, ഗുജറാത്തിൽ 2,335, മധ്യപ്രദേശിൽ 2,269, ഹരിയാനയിൽ 1,278 എന്നിങ്ങനെയാണ് കണക്ക്. ഇപ്പോൾ ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ മാത്രം പതിനായിരക്കണക്കിന് സ്കൂളുകളാണ് ഒരൊറ്റ അധ്യാപകനെ ആശ്രയിക്കുന്നത്. ഇതിൽ ഏറ്റവും ഗുരുതരമായ ചിത്രം ഉത്തർപ്രദേശിലാണ്. 2025–26ലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി അംഗീകാര രേഖയിൽ പ്രാഥമിക–അപ്പർ പ്രൈമറി തലത്തിൽ യഥാർഥ അധ്യാപക ഒഴിവുകൾ 1.37 ലക്ഷം ആണെന്ന് സംസ്ഥാന സർക്കാർ തന്നെ അറിയിച്ചിട്ടുണ്ട്. ഇതിൽ 59,882 എണ്ണം നേരിട്ടുള്ള നിയമനം നടത്തേണ്ട തസ്തികകളാണെന്നും ശേഷിക്കുന്നത് സ്ഥാനക്കയറ്റത്തിലൂടെ നികത്തേണ്ടവയാണെന്നും രേഖ പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്ഥിതി വിപരീതമല്ല. അസമിൽ 3,159, മേഘാലയയിൽ 1,124, അരുണാചൽ പ്രദേശിൽ 473, മണിപ്പൂരിൽ 446, ത്രിപുരയിൽ 376, മിസോറമിൽ 125, നാഗാലാൻഡിൽ 35, സിക്കിമിൽ 31 സ്കൂളുകളാണ് ഒരേയൊരു അധ്യാപകനെ ആശ്രയിക്കുന്നത്. ഈ എട്ട് സംസ്ഥാനങ്ങളിൽ മാത്രം 5,769 ഒറ്റ അധ്യാപക സ്കൂളുകൾ.
ത്രിപുരയിൽ അധ്യാപക നിയമനം വൈകുന്നതിനെതിരെ ജൂലൈയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾ തന്നെ തെരുവിലിറങ്ങി. സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ 4,000ത്തിലധികം അധ്യാപക ഒഴിവുകളുണ്ടെന്നും 370ലധികം സർക്കാർ സ്കൂളുകൾ ഒരേയൊരു അധ്യാപകനെ ആശ്രയിക്കുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അസമിലെ ചിരാങ് ജില്ലയിലെ ശാന്തിപുർ ഹൈസ്കൂളിൽ അധ്യാപകക്ഷാമത്തിനെതിരെ വിദ്യാർഥി സംഘടനകൾ ആഗസ്തിൽ പ്രതിഷേധിച്ചു. നിലവിലുള്ള അധ്യാപകരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്നതോടെ ക്ലാസുകൾ കൂടുതൽ പ്രതിസന്ധിയിലാകുന്നുവെന്നായിരുന്നു പരാതി.
അധ്യാപകരെ ചോദിച്ച് തെരുവിലിറങ്ങുന്ന കുട്ടികൾ
കണക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രതിസന്ധി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ അധ്യാപകരെ ആവശ്യപ്പെട്ട് നൂറുകണക്കിന് സ്കൂൾ കുട്ടികളാണ് 12 മണിക്കൂറോളം ആഗസ്തിൽ റോഡ് ഉപരോധിച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ സ്വന്തം ജില്ലയായ ദുർഗിലെ പെൻഡ്രാവനിൽ ഏകദേശം 400 വിദ്യാർഥികളാണ് വിഷയാധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങിയത്. രാത്രി വൈകി മന്ത്രി കുട്ടികളുമായി സംസാരിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
രാജസ്ഥാനിലും സ്ഥിതി സമാനമാണ്. ആൽവാറിലെ ജോധ്‌വാസ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ തകർന്ന കെട്ടിടവും അധ്യാപകക്ഷാമവും ചൂണ്ടിക്കാട്ടി വിദ്യാർഥികളും നാട്ടുകാരും സ്കൂളിന് പൂട്ടിട്ട് പ്രതിഷേധിച്ചു. അനുവദിച്ച ആറു സീനിയർ അധ്യാപക തസ്തികകളിൽ അഞ്ചും ഒഴിഞ്ഞുകിടക്കുകയായിരുന്നു. മിക്ക സ്കൂളുകളും അടച്ചുപൂട്ടുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മേൽക്കൂരയില്ലാത്തതും ശുചിമുറിയില്ലാത്തതും ആവശ്യത്തിന് അധ്യാപകരില്ലാത്തതുമായ സർക്കാർ സ്കൂളുകളാണുള്ളത്.









0 comments