‘വേണമെങ്കില്‍ ഇനിയും ആക്രമിക്കും’; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താൻ അമേരിക്ക മടിക്കില്ലെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിനോട് ചേർന്ന് ഇറാൻ പുതുതായി സ്ഥാപിച്ച റഡാർ, മിസൈൽ സംവിധാനങ്ങൾ അമേരിക്ക തകർത്തുവെന്ന് അവകാശപ്പെട്ട ട്രംപ്, “എപ്പോൾ വേണമെങ്കിലും ഇതുപോലൊരു ആക്രമണം വീണ്ടും നടത്താൻ തയ്യാറാണ്” എന്നും പറഞ്ഞു.
ചൊവ്വാഴ്ച ഇറാനെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ചാൽ ഇപ്പോഴത്തേതിനേക്കാൾ “വളരെ വലിയ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും വലിയ ആക്രമണം ഇതുവരെ നടത്തിയിട്ടില്ലെന്നും അത് ‘കാത്തിരിക്കുകയാണെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പുതിയ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു പ്രസ്താവന.
ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചെന്നും ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലേക്ക് എട്ട് മിസൈലുകൾ തൊടുത്തുവിട്ടെന്നുമാണ് പുതിയ ആക്രമണത്തിന് ന്യായീകരണമായി ട്രംപ് ഉന്നയിക്കുന്നത്. ഇറാൻ പുനഃസ്ഥാപിക്കാൻ ശ്രമിച്ച റഡാർ, മിസൈൽ സംവിധാനങ്ങളും മൈനുകൾ വിന്യസിക്കാനാകുന്ന റോക്കറ്റ് സംവിധാനവും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുടെ ചൊവ്വാഴ്ചത്തെ ആക്രമണങ്ങളിൽ ഇറാനിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹോർമുസ് തീരത്തുണ്ടായ ഒരു വിവാഹച്ചടങ്ങിൽ ആക്രമണമുണ്ടായതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് വ്യക്തമാക്കി. സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നതിൽ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയും കുവൈത്തിലേക്ക് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈത്ത് സൈന്യം അറിയിച്ചു.
ഏഴ് മാസമായി തുടരുന്ന യുദ്ധത്തിൽ ജൂലൈയ്ക്കുശേഷമുള്ള ഏറ്റവും വലിയ നേരിട്ടുള്ള അമേരിക്ക–ഇറാൻ ഏറ്റുമുട്ടലാണ് ഇപ്പോഴത്തേത്. എന്നാൽ പുതിയ സൈനിക നടപടി “വളരെക്കാലം” നീളില്ലെന്നാണ് ട്രംപ് പറയുന്നത്. മറുവശത്ത് ഇറാൻ തിരിച്ചടി തുടർന്നാൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന ഭീഷണിയും അദ്ദേഹം ആവർത്തിക്കുന്നുണ്ട്. പുതിയ ഏറ്റുമുട്ടൽ ആഗോള എണ്ണവിപണിയിലും സമ്മർദം വർധിപ്പിച്ചു. ലോകത്തിലെ പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സാധാരണ നിലയിൽനിന്ന് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറിന് മുകളിലാണ് തുടരുന്നത്.









0 comments