ജില്ലയിൽ 3 മരണം

മണപ്പെട്ടി കമല ബാലകൃഷ്ണന്റെ വീട് മരം വീണ് തകർന്ന നിലയിൽ
സ്വന്തം ലേഖിക
Published on Jul 05, 2026, 12:38 AM | 1 min read
തൃശൂര്‍
മഴ കനത്തതോടെ ജില്ലയിൽ മൂന്ന് മരണം. നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് വഞ്ചി മറിഞ്ഞ് രണ്ടുപേർ മരിച്ചു. വെള്ളിയാഴ്‌ച വഞ്ചിമറിഞ്ഞ് കാണാതായ തൃക്കൂർ പള്ളിയറ കുന്നത്തുവളപ്പിൽ വേലുക്കുട്ടിയുടെ മകൻ ബിനോജ് (49), എട്ടുമുന മുതിരപറന്പിൽ പരേതനായ ഉണ്ണിച്ചെക്കന്റെ മകൻ സജിൽ (40) എന്നിവരുടെ മൃതദേഹം ശനിയാഴ്‌ച രാവിലെയാണ് കണ്ടെത്തിയത്. ചാലക്കുടിയിൽ മഴയിൽ ഒടിഞ്ഞുവീണ തെങ്ങിൽ സ്‌കൂട്ടറിടിച്ച് മോതിരക്കണ്ണി സ്വദേശി തളിയന്‍ തോമസാ(65)ണ് മരിച്ചത്. വലപ്പാടും ഇരിങ്ങാലക്കുട പൊറത്തിശേരിയിലും ശനി പുലര്‍ച്ചെയുണ്ടായ മിന്നൽ ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടുകൾക്ക് തകർച്ചയും ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ വീണ് കമ്പികള്‍ പൊട്ടി വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. മഴയിൽ ചാവക്കാട് വീട് ഭാഗികമായി തകര്‍ന്നു. മാട്ടുമ്മല്‍ കണ്ടെയ്നര്‍ സബ്സ്റ്റേഷന് കിഴക്ക് രായിമരയ്‌ക്കാര്‍ വീട്ടില്‍ കുന്നുമ്മല്‍ ഉസ്മാന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. പുതുക്കാട് ചുങ്കം റോഡില്‍ വളഞ്ഞൂപ്പാടത്ത് തെങ്ങ് വാനിന് മുകളിലേക്ക് വീണു. തൃശൂര്‍ നഗരം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും വലയുകയാണ്. ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി വളവ്, നടുവിലാൽ വളവ്, പൂങ്കുന്നം ലെനിന്‍ നഗര്‍, മാരാര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. വെള്ളക്കെട്ട് തടയാനോ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കോര്‍പറേഷന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നുണ്ട്. ഇതോടെ പകർച്ചവ്യാധികളും പടരുന്നു. ജില്ലയിൽ ഞായറാഴ്ച മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. മഴ ശക്തമായതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യതയുണ്ടായാല്‍ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാം.











0 comments