സ്വകാര്യ ബസ് പ്രതിസന്ധി; ട്രിപ്പുകൾ വെട്ടിക്കുറയ്‌ക്കും

....
പ്രത്യേക ലേഖകൻ
Published on Jul 01, 2026, 12:14 AM | 1 min read
തൃശൂര്‍
ഇന്ധന വിലവർധനയും കെഎസ്‌ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്രയെത്തുടർന്നുള്ള വരുമാനനഷ്‌ടവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ ട്രിപ്പുകൾ വെട്ടിച്ചുരുക്കി പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമത്തിലേക്ക്. സംസ്ഥാനത്ത് 150 ഓളം ബസുടമകൾ നികുതി ഒഴിവാക്കി സർവീസ് നിർത്തിവയ്‌ക്കുന്നതിനുള്ള ജി ഫോം നൽകിയതായി ഉടമകൾ പറഞ്ഞു. 30ന് വൈകിട്ട് അഞ്ചുവരെയായിരുന്നു ജി ഫോം നൽകാനുള്ള സമയം. അതുവരെയുള്ള ഏകദേശ കണക്കാണിത്. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് നടന്ന ബസുടമകളുടെ യോഗത്തിൽ മോട്ടോർ വാഹന മേഖലയിലെ എല്ലാ സംഘടനകളെയും യോജിപ്പിച്ച് സംയുക്ത പ്രക്ഷോഭത്തിനിറങ്ങാനും ധാരണയായി. ആറിന് ടൂറിസ്റ്റ്- – ടാക്‌സി –- ഓട്ടോറിക്ഷയടക്കം മോട്ടോര്‍ മേഖലയിലെ മുഴുവന്‍ സംഘടനകളുടെയും യോഗം വിളിക്കും. എല്ലാ യൂണിയനുകളും സംയുക്തമായി സര്‍വീസ് നിര്‍ത്തി പ്രതിഷേധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സൗജന്യ യാത്ര സ്വകാര്യ ബസുകളിലും അനുവദിച്ച് സാമ്പത്തിക സഹായം അനുവദിക്കുകയോ കെഎസ്‌ആർടിസിയിൽ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം പാസ് ഏര്‍പ്പെടുത്തി പദ്ധതി പുനക്രമീകരിക്കുകയോ ചെയ്യണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സർവീസ് നിർത്തിവയ്‌ക്കുന്നത് വലിയ തൊഴിൽ പ്രശ്‌നം സൃഷ്‌ടിക്കും. 200 ബസുകള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ 600 തൊഴിലാളികളെ നേരിട്ടു ബാധിക്കും. തൃശൂര്‍- – ആമ്പല്ലൂര്‍ റൂട്ടില്‍ 80 ബസുകളും തൃശൂര്‍- – പാലക്കാട് റൂട്ടില്‍ 70 ബസുകളും ഇരിങ്ങാലക്കുട, വെള്ളിക്കുളങ്ങര, എറണാകുളം-, ഗുരുവായൂര്‍ സര്‍വീസുകളും ഗോവിന്ദാപുരം – തൃശൂര്‍, തൃശൂര്‍- – കൊഴിഞ്ഞാമ്പാറ, കോഴിക്കോട് – -പാലക്കാട് സര്‍വീസുകളും പൂട്ടലിന്റെ വക്കിലാണ്. ട്രിപ്പുകളുടെ എണ്ണം ചുരുക്കി പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് ഉടമകളും തൊഴിലാളികളും. തൃശൂരില്‍ 1300 സ്വകാര്യ ബസുകളുണ്ട്. ഇതില്‍ 500 ബസുകളെ പദ്ധതി നേരിട്ടും 500 ബസുകളെ പരോക്ഷമായും ബാധിച്ചു. 1000 മുതൽ 3000 രൂപ വരെയാണ് വരുമാന നഷ്‌ടം.











0 comments