കളി കാര്യമാണ്

തൃശൂർ സംഗീത നാടക അക്കാദമിയിൽ കുട്ടികൾക്കായി കെ വി ഗണേശ് നാടകം പരിശീലിപ്പിക്കുന്നു
സ്വന്തം ലേഖകൻ
തൃശൂർ
കളികളിലൂടെ എന്നാൽ ഗൗരവം ഒട്ടും ചോരാതെ ഒരു കൂട്ടം കുട്ടികൾ നാടകവും അരങ്ങും പരിചയപ്പെടുകയാണ്. അതിലൂടെ ഒരു പുതുസമൂഹം സൃഷ്ടിക്കപെടുകയും ചെയ്യുന്നുണ്ട്. ഇതിനായുള്ള പരിശ്രമം കഴിഞ്ഞ 42 വർഷമായി അവധിക്കാലത്ത് അതും കോവിഡ് കാലത്ത് പോലും മുടക്കമില്ലാതെ തുടരുകയാണ്. കെ വി ഗണേഷിന്റെ കളിവെട്ടം നാടകക്കളരി നാടക പഠനം മാത്രമല്ല, അതിനപ്പുറം കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന പൗരബോധവും വളർത്തിയെടുക്കുന്ന സാമൂഹ്യ ഇടപെടലുമാണ്. നാടകം കളിക്കുക എന്നതിനപ്പുറം സമൂഹത്തിലേക്കുള്ള അവരുടെ വാതിൽ തുറക്കുക കൂടിയാണ് കളിവെട്ടം നാടക കളരി. കുട്ടികളുടെ ജീവിത്തിൽ സുപ്രധാന സ്വാധീനമുള്ള കളിക്കളങ്ങൾ കേന്ദ്രീകരിച്ചാണ് നാടകകളരി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇവിടെ എല്ലാ കാര്യങ്ങളും കളികളിലൂടെയാണ് പഠിപ്പിക്കുന്നത്. ഇങ്ങനെ കളിച്ചും ചിരിച്ചും നാടകകളരി സമാപിക്കുമ്പോൾ ഒരു നാടകം പിറവിയെടുക്കും. അത് അവതരിപ്പിച്ചാണ് ക്യാന്പ് സമാപിക്കുക. വിവിധ മേഖലകളിൽ നിന്നുള്ളവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ വിവിധ ദിവസങ്ങളിലായി ഇവിടെയെത്തും. ട്രെയിനിനെക്കുറിച്ച് പറയാൻ ലോക്കോപൈലറ്റും ജയിലിനെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥനും സംസാരിക്കും. അരങ്ങിലൂടെ ലോകത്തെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ശാസ്‌ത്രവും ലിംഗസമത്വവുമെല്ലാം ഇവിടെ ചർച്ച ചെയ്യും. ചുറ്റുപാട് നിന്നും പുതിയ കാഴ്‌ചകൾ കാണാനും സർഗാത്മകവും സംവാദാത്മകവുമായ കുട്ടികളുടെ ഇടം സൃഷ്ടിക്കുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. കളിക്കാനുള്ള ഇടം ഉണ്ടാകുകയെന്നത് പ്രധാനമാണെന്നും അതിനായുള്ള പരിശ്രമം കൂടിയാണ് കളിവെട്ടമെന്ന് നാടക ശിൽപ്പശാല ഡയറക്ടർ കെ വി ഗണേഷ് പറഞ്ഞു. കുട്ടികളുടെ മാനസിക – ശാരീരിക ഉണർവിനും വ്യക്തിത്വ വികാസനത്തിനും സാമൂഹിക കാഴ്‌ചപ്പാട് സൃഷ്ടിക്കാനും കുട്ടികളുടെ നാടകവേദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 24നാണ് ശിൽപ്പശാല സമാപിക്കുക. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (ബ്ലാക്ക് ബോക്‌സ്) നടക്കുന്ന നാടക കളരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരൊയണ് പരിശീലന സമയം. ഒന്പത് മുതൽ 16 വയസ്സുവരെയുള്ളവർക്ക് നാടകകളരിയുടെ ഭാഗമാകാം.











0 comments