ഞായറാഴ്‌ച ആയിരത്തിലധികം പൊതിച്ചോറ് വിതരണം ചെയ്‌ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ
കാണണം ഇൗ കരുതൽ; 2937 ദിവസം, 24.17 ലക്ഷം പൊതിച്ചോറ്

ഗോവിന്ദൻ– നീലി ദമ്പതികൾ
സ്വന്തം ലേഖകന്‍
Published on Jul 20, 2026, 12:52 AM | 2 min read
പാലക്കാട്
രാഷ്‌ട്രീയ വൈര്യത്തിന്റെ പേരിൽ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുവിതരണത്തെ വിലക്കുന്നവർ കാണണം ഇൗ കരുതൽ. 2,937 ദിവസങ്ങൾക്കൊണ്ട് 24,17,750 പൊതിച്ചോറുകളാണ് ജില്ലയിൽ യുവത വിതരണം ചെയ്‌തത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ 2,656 ദിവസങ്ങൾ 23,47,500 ഭക്ഷണപ്പൊതികളും മെഡിക്കൽ കോളേജിൽ 281 ദിവസങ്ങൾക്കകം 70,250 ഭക്ഷണപ്പൊതികളുമാണ് പ്രവർത്തകർ വിതരണം ചെയ്‌തത്. ചിറ്റൂർ, ആലത്തൂർ താലൂക്ക് ആശുപത്രികളിൽ വിതരണം ചെയ്യുന്നതുകൂടാതെയാണ് ഇൗ കണക്ക്. 2019 മെയ് 19ന് ഇ കെ നായനാർ ദിനത്തിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ വൈകുന്നേരം ഭക്ഷണപ്പൊതി വിതരണം ചെയ്യാൻ തുടങ്ങിയത്. വൈകിട്ടായതിനാൽ ചോറ് മാത്രമല്ല ചപ്പാത്തി, ഇഡലി തുടങ്ങിയവയും എത്തിച്ചു. 35-0 ഭക്ഷണപ്പൊതികളാണ് അന്ന് വിതരണം ചെയ്‌തിരുന്നത്. കോവിഡ് കാലമായതോടെ ആശുപത്രി വാർഡുകളിലെത്തിയായിരുന്നു വിതരണം. ഇപ്പോൾ 900 പൊതിച്ചോർവരെ വിതരണംചെയ്യുന്നു. പാലക്കാട്, പുതുശേരി, കുഴൽമന്ദം, മുണ്ടൂർ, ചിറ്റൂർ എന്നീ ബ്ലോക്ക് കമ്മിറ്റികളിൽനിന്നായിരുന്നു ആദ്യഘട്ടത്തിൽ പൊതിച്ചോർ എത്തിച്ചിരുന്നത്. ആവശ്യംകൂടിയതോടെ ജില്ലയാകെ വ്യാപിപ്പിച്ചു. 2025 ഒക്‌ടോബർ ഒമ്പതിനാണ് പാലക്കാട് മെഡിക്കൽ കോളേജിൽ ഉച്ചനേരത്ത് പൊതിച്ചോർ വിതരണം തുടങ്ങിയത്. 200മുതൽ 300വരെ പൊതിച്ചോറുകളാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം ചെയ്യുന്നത്. കോളേജിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള മേഖലാ കമ്മിറ്റികളാണ് ഇവിടേക്കുള്ള പൊതിച്ചോർ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും. കുറഞ്ഞത് മൂന്നുതവണയെങ്കിലും പ്രവർത്തകർ വീടുകൾ സന്ദർശിക്കണം. ആദ്യം പൊതിച്ചോർ ആവശ്യപ്പെടാനും രണ്ടാമത് ഉറപ്പിക്കാനും മൂന്നാമത് ഇത് ശേഖരിക്കാനും. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ദിവസവും കക്ഷിരാഷ്‌ട്രീയ–ജാതിമത വ്യത്യാസമില്ലാതെ നടക്കുന്ന കരുതലിന്റെ മഹാമാതൃകയെ തകർക്കാൻ ഭരിക്കുന്നവർ ശ്രമിക്കുന്നത് എന്തിനാണെന്നാണ് നാടിന്റെ ചോദ്യം.
ഹൃദയത്തിലാണ് ഹൃദയപൂർവം
യുഡിഎഫ് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഡിവൈഎഫ്ഐ 'ഹൃദയപൂർവം' പൊതിച്ചോറ് വിതരണത്തിന് ജനങ്ങൾക്കിടയിൽ പിന്തുണ വർധിക്കുന്നു. ഞായറാഴ്ച ജില്ലാ ആശുപത്രിയിൽ ഒറ്റപ്പാലം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ആയിരത്തിലധികം പൊതിച്ചോറ് ശേഖരിച്ച് വിതരണം ചെയ്‌തു. "വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല, ഹൃദയപൂർവം തുടരും’ എന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി കൂടുതൽ ജനകീയമായി മുന്നോട്ട് പോകുന്നത്. പൊതിച്ചോറ് വാങ്ങിയ നിരവധിപേർ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.
‘മന്ത്രി പറഞ്ഞത് തെറ്റാണ്. അഞ്ചുദിവസമായി ഞങ്ങൾ ഈ ആശുപത്രിയിലുണ്ട്. മകൾ ഇവിടെ അഡ്മിറ്റാണ്. കടകളിൽ പോയി ഭക്ഷണം വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഈ പൊതിച്ചോറ് ഒരു വലിയ ആശ്വാസമാണ്. ഈ പുണ്യപ്രവൃത്തി നിർത്താൻ ഒരിക്കലും പറയാൻ പാടില്ലായിരുന്നു’. ഗോവിന്ദൻ– നീലി ദമ്പതികൾ (പെരുമ്പടാരി, മനക്കൽ കോളനി– -രോഗിയുടെ ഒപ്പമുള്ളവർ)
"എന്റെ മകൻ ഇവിടെ അഡ്മിറ്റാണ്. അവനെ തനിച്ചാക്കി പുറത്തുപോയി ഭക്ഷണം വാങ്ങാൻ എനിക്ക് പേടിയാണ്. വൈകിട്ട് ഒരുകൂട്ടം ചെറുപ്പക്കാർ സ്നേഹത്തോടെ വന്ന് ഈ പൊതിച്ചോറ് തരുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതല്ല. പാവപ്പെട്ട ജനങ്ങൾക്ക് ഇത് എത്രയോ ഉപകാരപ്രദമാണ്. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയൊരു പുണ്യം വേറെയില്ല. ഇത് നിർത്തരുത്, മുന്നോട്ടുതന്നെ പോകണം. സുന്ദരി (പിരായിരി, കല്ലേക്കാട്–- രോഗിയുടെ അമ്മ)
"ഈ ആശുപത്രിയിൽ വരുന്ന ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. പുറത്തുനിന്ന് ഭക്ഷണം വാങ്ങണമെങ്കിൽ വലിയ തുകയാകും. അങ്ങനെയുള്ളപ്പോൾ ഈ കുട്ടികൾ ചോറുമായി വരുന്നത് ഞങ്ങൾക്ക് വലിയൊരു അനുഗ്രഹമാണ്. ഇത് വെറുമൊരു വിതരണമല്ല, ഒരു പുണ്യപ്രവൃത്തിയാണ്. ജനങ്ങൾക്ക് ഇത്രയധികം ഉപകാരപ്പെടുന്ന ഒരു നല്ലകാര്യത്തെ മന്ത്രി തള്ളിപ്പറഞ്ഞത് ഒട്ടും ശരിയായില്ല’. ഉഷ (റെയിൽവേ കോളനി, - രോഗിയുടെ കൂട്ടിരിപ്പുകാരി)
"മന്ത്രിയിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടായതിൽ സങ്കടമുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന എത്രയോ പേർ ഈ ആശുപത്രിയിലുണ്ട്. മന്ത്രി പറഞ്ഞത് തികച്ചും തെറ്റായ കാര്യമാണ്. യാഥാർഥ്യം മനസ്സിലാക്കാതെയാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഈ കാരുണ്യപ്രവൃത്തി തുടരണം. അനിൽകുമാർ (കുത്തനൂർ, കുഴൽമന്ദം -–രോഗി)










0 comments