ad
Deshabhimani

ദുരന്തമുഖങ്ങളിൽ നീട്ടിയ
യുവഹസ്‌തങ്ങൾ

വെബ് ഡെസ്ക്

Published on Aug 15, 2026, 12:36 AM | 2 min read

സി എ പ്രേമചന്ദ്രൻ

തൃശൂർ

കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങിയ മനുഷ്യർക്ക്‌ രക്ഷാകരം നീട്ടിയത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ. ദുരന്തമുഖങ്ങളിൽ സഹായഹസ്‌തവുമായെത്തിയ യുവതയെ മറക്കാനാവില്ല മലയാളനാടിന്‌. മണ്ണും ചെളിയും വിഷപ്പാന്പുകളും നിറഞ്ഞ വീടുകൾ ശുചീകരിക്കാനും അവരെത്തി. പോരാട്ടങ്ങൾക്കൊപ്പം നാട്ടിടങ്ങളിലെ നന്മയുടെ പതാകവാഹകരായി എന്നും യൂത്ത്‌ ബ്രിഗേഡ്‌ മുന്നിൽ നിന്നു. സംസ്ഥാനത്ത്‌ 2018ലും 19ലും പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട ജനതയ്‌ക്കൊപ്പം ഡിവൈഎഫ്‌ഐ നിലകൊണ്ടു. എല്ലാ ബ്ലോക്ക്‌ കമ്മിറ്റികളിലും പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ദുരിതാശ്വാസ ക്യാന്പുകളിൽ വളണ്ടിയർമാരായി. സമൂഹ അടുക്കളകളിൽ സജീവമായി. അവശ്യവസ്‌തുക്കൾ, മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ, വസ്‌ത്രങ്ങൾ എന്നിവ ക്യാന്പുകളിലേക്കും ദുരിതബാധിത പ്രദേശങ്ങളിലേക്കും എത്തിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്‌ പണം ശേഖരിച്ച്‌ നൽകി. കടൽക്ഷോഭ മേഖലകളിൽ മൺതിട്ടകൾ നിർമിച്ചു. തോടുകളും കുളങ്ങളും ശുചീകരിച്ചു. വീടുകളും ആശുപത്രികളും സ്‌കൂളുകളും ശുചീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ ലൈനും ആരംഭിച്ചിരുന്നു. ഉരുൾപൊട്ടൽ മേഖലയിലും രക്ഷാപ്രവർത്തനത്തിനിറങ്ങി. 2019ൽ തൃശൂർ ജില്ലക്കൊപ്പം മറ്റു ജില്ലകളിലേക്കും സഹായങ്ങൾ എത്തിച്ചു. 2024ലും ജില്ലയിലെ അതിതീവ്ര മഴയിൽ ദുരിതമേഖലകളിൽ യൂത്ത്‌ ബ്രിഗേഡ്‌ സജീവമായി. ​ചാലക്കുടിയിൽ ഇറങ്ങിയത്‌ 
2000 യൂത്ത്‌ ബ്രിഗേഡ് അംഗങ്ങൾ 2018ലെ പ്രളയത്തിൽ മുങ്ങിയ ചാലക്കുടിക്കാർക്ക് കൈത്താങ്ങായി 2000 യൂത്ത്‌ ബ്രിഗേഡ്‌ അംഗങ്ങളാണ്‌ കർമരംഗത്തിറങ്ങിയത്‌. പേമാരിക്കൊപ്പം ചാലക്കുടിപ്പുഴ കരകവിഞ്ഞ് നാടാകെ വെള്ളത്താൽ ചുറ്റപ്പെട്ട് ജീവിതം ഇരു കരയിലുമെത്തിക്കാനാകാതെ വലഞ്ഞവർക്കാണ് സഹായഹസ്‌തവുമായി ഡിവൈഎഫ്ഐ വളണ്ടിയർമാർ എത്തിയത്. 2019ലും യുവജനസംഘടന കർമരംഗത്തുണ്ടായി. 2018ൽ ചാലക്കുടി മണ്ഡലത്തിലെ കാടുകുറ്റി, പരിയാരം, മേലൂർ, ചാലക്കുടി സൗത്ത്, വെസ്‌റ്റ് പ്രദേശങ്ങളിലും മാള മേഖലയിലും യുവത രംഗത്തിറങ്ങി. വീടുകളിൽ നിന്നും ടൺകണക്കിന് മാലിന്യമാണ്‌ നീക്കിയത്‌. ജില്ലയിലെ 15 ബ്ലോക്ക് കേന്ദ്രങ്ങളിൽനിന്നും നേതാവെന്നോ പ്രവർത്തകനെന്നോ വേർതിരിവില്ലാതെ ഡിവൈഎഫ്ഐ വളണ്ടിയർമാർ ചാലക്കുടിയിലെത്തി ശുചീകരണം നടത്തി. കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുകിപ്പരന്ന് സാധാരണനിലയിൽ മനുഷ്യർ തിരിഞ്ഞുനോക്കാൻ മടിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളാണ്‌ ശുചീകരിച്ചത്. ആശുപത്രികൾ, കോൺവെന്റുകൾ, സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളും ശുചീകരിച്ചു. വാഹനങ്ങൾ, നടപ്പാതകൾ എന്നിവയും വൃത്തിയാക്കി. ഫർണിച്ചറുകൾ നന്നാക്കി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കെ വി രാജേഷ്‌, സെക്രട്ടറിയായിരുന്ന പി ബി അനൂപ്, കെ എസ്‌ റോസൽ രാജ്‌, ഗ്രീഷ്‌മ അജയ്‌-ഘോഷ്‌, എൻ വി വൈശാഖൻ, ആർ എൽ ശ്രീലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനം നടത്തിയത്‌. ​വയനാടിന്‌ കൈത്താങ്ങേകി 
1.62 കോടി 2024ലെ വയനാട്‌ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവും സമാനതകളില്ലാത്തതാണ്‌. ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സഹായമേകാൻ ജില്ലയിലും ഡിവൈഎഫ്‌ഐ കർമരംഗത്തിറങ്ങി. പാഴ്‌വസ്‌തുക്കൾ ശേഖരിച്ച്‌ വിറ്റാണ്‌ പ്രധാനമായും പണം സമാഹരിച്ചത്‌. ആകെ 1.62 കോടി രൂപ നൽകി. പായസം, ബിരിയാണി, മീൻ എന്നിവ വിൽപ്പന നടത്തിയും പണം കണ്ടെത്തി. തട്ടുകടയും ചായക്കുറിയും നടത്തി. സുമനസ്സുകൾ സ്വർണവും പശുക്കുട്ടിയേയും നൽകി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം പി എൻ വിഷ്‌ണു വിവാഹത്തിനായി ശേഖരിച്ചുവച്ച 1,11,111 രൂപ പുനരധിവാസത്തിനായി കൈമാറി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home