ad
Deshabhimani

കുതിരാനിൽ അപകട സാധ്യതയെന്ന്‌ കെഎഫ്‌ആർഐ റിപ്പോർട്ട്‌

കുതിരാനിലെ മണ്ണിടിച്ചിൽ

കുതിരാനിലെ മണ്ണിടിച്ചിൽ

വെബ് ഡെസ്ക്

Published on Aug 11, 2026, 01:10 AM | 1 min read

പട്ടിക്കാട്‌

കുതിരാൻ തുരങ്കത്തിന് സമീപം അപകട സാധ്യതയെന്ന്‌ കേരള വന ഗവേഷണ കേന്ദ്രം (കെഎഫ്‌ആർഐ ) റിപ്പോർട്ട്‌. ഇതോടെ കർശന പ്രതിരോധ-സുരക്ഷാ നിർദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. ദേശീയപാത 544-ൽ കുതിരാൻ തുരങ്കമുഖത്തിന് സമീപം ഉണ്ടായ ഉപരിതല മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടൽ സാധ്യതകളുടെയും പശ്ചാത്തലത്തിൽ കെഎഫ്‌ആർഐ ഡയറക്ടർ ഡോ. കണ്ണൻ സി എസ് വാര്യരുടെ നേതൃത്വത്തിൽ ഡോ. എസ് സന്ദീപ്, ഡോ. പവൻ വാബ്ലെ, ഡോ. പി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിൽ വലിയ വിള്ളലുകളോ ആഴത്തിലുള്ള മണ്ണിടിച്ചിൽ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. എന്നാൽ കുത്തനെയുള്ള പാറക്കെട്ടുകളിലെ വിടവുകളിൽ തുടർച്ചയായി പെയ്യുന്ന മഴവെള്ളം ഇറങ്ങി ഇളകിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന് സംഘം വിലയിരുത്തി. ഇളകിയ പാറകളും മണ്ണും സുരക്ഷിതമായി നീക്കാനും പാറക്കല്ലുകൾ താഴേക്ക് പതിക്കാതിരിക്കാൻ സംരക്ഷണ വലകൾ, വേലികൾ, ബോൾട്ട് ചെയ്ത് ഉറപ്പിക്കൽ തുടങ്ങിയ സാങ്കേതിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണം. മുകളിലെ ചരിവിലുള്ള ചെടികളും മരങ്ങളും അനാവശ്യമായി വെട്ടിമാറ്റുന്നത് കർശനമായി ഒഴിവാക്കണം. മഴവെള്ളപ്പാച്ചിൽ തടയാൻ തുരങ്കമുഖത്തിന് മുകളിലുള്ള ഡ്രെയിനേജ് ചാലുകളിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കണം. പുതിയ വിള്ളലുകൾ കണ്ടെത്തുന്നതിന് പ്രദേശത്ത് തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണം. ഇ‍ൗ നിർദേശങ്ങൾ നടപ്പാക്കാൻ കലക്ടർ നിർദേശിച്ചു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അടിയന്തരമായി വിദഗ്ധരെ ഉപയോഗിച്ച് സാങ്കേതിക പരിശോധന പൂർത്തിയാക്കി പാറക്കെട്ടിന്റെ സ്ഥിരത ഉറപ്പാക്കൽ പ്രവൃത്തികൾ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home