ad
Deshabhimani

ഗർത്തത്തിൽ വീണ ടോറസ് 
വൈദ്യുതിത്തൂണുകളിൽ ഇടിച്ചുകയറി

Taurus

തുതിയൂർ റോഡിലെ ഗർത്തത്തിൽ വീണ ടോറസ് നിയന്ത്രണംവിട്ട്‌ 
വൈദ്യുതിത്തൂണിൽ ഇടിച്ചുകയറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 11, 2026, 02:05 AM | 1 min read

കാക്കനാട്


തുതിയൂർ റോഡിലെ ഗർത്തത്തിൽ വീണ ടോറസ് നിയന്ത്രണംവിട്ട്‌ പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസ്) ചുറ്റുമതിലിലും വൈദ്യുതിത്തൂണുകളിലും ഇടിച്ചുകയറി.


സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്റർ ജങ്‌ഷനിൽനിന്ന് തുതിയൂർ, പാലച്ചുവട്, വെണ്ണല വഴി വൈറ്റില–പാലാരിവട്ടം ബൈപാസിലേക്കുള്ള പ്രധാനപാതയിലെ വൻ ഗർത്തത്തിലാണ്‌ ലോറി വീണത്‌. തിങ്കൾ പകൽ 11 നായിരുന്നു അപകടം. എതിരെവന്ന കാറിന് വഴി നൽകുന്നതിനിടെ ടോറസിന്റെ ചക്രം ഗർത്തത്തിൽ വീഴുകയായിരുന്നു. പട്ടിമറ്റത്തുനിന്ന് 15 ടൺ മെറ്റലുമായി പാലച്ചുവട്ടിലെ കോൺക്രീറ്റ് മിക്സർ യൂണിറ്റിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർ അഷറഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. പ്രദേശത്ത്‌ മണിക്കൂറുകളോളം വൈദ്യുത വിതരണവും തടസ്സപ്പെട്ടു.


കല്ലടായിത്തടം ഭാഗത്തേക്ക് സെസിൽനിന്നുള്ള വെള്ളം ഒഴുക്കിവിടാൻ റോഡിന് കുറുകെ നിർമിച്ച, നാലു പതിറ്റാണ്ടോളം പഴക്കമുള്ള കലുങ്കിനോടുചേർന്നാണ് ഗർത്തം. മാലിന്യം അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടന്നതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.


നിലവിൽ റോഡിന്റെ ഇരുവശങ്ങളിലുമായി അഞ്ചടിയോളം താഴ്ചയുള്ള പുതിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്‌. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന ഈ റോഡിൽ അപകടസാധ്യത വർധിച്ചതോടെ നാട്ടുകാർ മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ എം കെ കൃഷ്ണൻ വായനശാല പ്രവർത്തകർ പൊതുമരാമത്ത്‌ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home