പത്താംതരം പത്തരമാറ്റ്

നൂറിന്റെ മധുരം വിജയം നേടിയ തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന അധ്യാപിക ഡോ. കെ പി ബിന്ദുവിനും ക്ലാസ് ടീച്ചർ പി എൻ സംഗീതയ്ക്കും മധുരം പങ്കുവെക്കുന്ന വിദ്യാർഥികൾ \ ഫോട്ടോ: ഡിവിറ്റ് പോൾ
തൃശൂർ
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയവുമായി ജില്ല. പരീക്ഷ എഴുതിയ 34,831 പേരിൽ 34,423 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.83. സംസ്ഥാനത്ത് 11–ാം സ്ഥാനത്താണ് തൃശൂർ. കഴിഞ്ഞതവണ 99.48 ശതമാനം വിജയം നേടി 10–ാം സ്ഥാനത്തായിരുന്നു ജില്ല. ഈ വർഷം വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. പരീക്ഷയെഴുതിയ 17,812 ആൺകുട്ടികളിൽ 17,566 പേരും 17,019 പെൺകുട്ടികളിൽ 16,857 പേരും ഉപരിപഠനത്തിന് അർഹരായി. 2342 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇവരിൽ 1,620 പെൺകുട്ടികളും 722 ആൺകുട്ടികളുമാണ്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 10,314 പേർ പരീക്ഷയെഴുതിയതിൽ 10,265 പേരും (99.52 ശതമാനം) ചാവക്കാട്ട് പരീക്ഷയെഴുതിയ 14,843 പേരിൽ 14,542 പേരും ( 97.95ശതമാനം) തൃശൂരിൽ 9,676 പേരിൽ 9,616 പേരും (99.40 ശതമാനം) വിജയിച്ചു. ജില്ലയിൽ 158 സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ തവണ 206 സ്‌കൂളുകൾക്കായിരുന്നു നൂറുമേനി വിജയം. 54 സർക്കാർ സ്‌കൂളുകളും 76 എയ്‌ഡഡ് സ്‌കൂളുകളും 28 അൺഎയ്‌ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ 8,585 പേരും എസ് സി വിഭാഗത്തിൽ 4,391 പേരും എസ് ടി വിഭാഗത്തിൽ 139 പേരും ഒബിസി വിഭാഗത്തിൽ 20,404 പേരും ഒഇസി വിഭാഗത്തിൽ 904 പേരുമാണ് തുടർപഠനത്തിന് യോഗ്യത നേടിയത്. കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ 74 പേരിൽ 73 പേർ ഉപരിപഠനത്തിന് അർഹരായി. 29 ആൺകുട്ടികളും 45 പെൺകുട്ടികളുമാണ് ഇവിടെ പരീക്ഷയെഴുതിയത്. വിജയശതമാനം 98.64. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തി മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയത് ചാലക്കുടി കുറ്റിക്കാട് സെന്റ് സെബാസ്‌റ്റ്യൻസ് എച്ച്‌എസ്‌എസ് ആണ്–398 പേർ. ഏറ്റവും കുറവ് മണ്ണുത്തി വിവിഎച്ച്‌എസ്‌എസ്– ഏഴുപേർ. സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തി മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയത് വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളാണ്–169 പേർ. കുറവ് കാട്ടൂർ ഗവ.എച്ച്‌എസ്‌എസ്– എട്ടുപേർ. അൺഎയ്‌ഡഡ് മേഖലയിൽ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇഎംഎച്ച്‌എസ്‌എസിൽ പരീക്ഷയെഴുതിയ 225 പേരും ഉപരിപഠനയോഗ്യത നേടി. ഇൗ വിഭാഗത്തിൽ കുറവ് കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയത് കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്–14 പേർ.











0 comments