ad
Deshabhimani

ചാലക്കുടി നഗരസഭ ആരോഗ്യവിഭാഗം നിര്‍ജീവമായി

ചീഞ്ഞുനാറി മാര്‍ക്കറ്റും പരിസരവും

ചാലക്കുടി മാര്‍ക്കറ്റില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ അറവ് മാലിന്യങ്ങള്‍

ചാലക്കുടി മാര്‍ക്കറ്റില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ അറവ് മാലിന്യങ്ങള്‍

വെബ് ഡെസ്ക്

Published on Feb 08, 2026, 12:54 AM | 1 min read


ചാലക്കുടി

നഗരസഭ ആരോഗ്യവിഭാഗം നിര്‍ജീവമായതോടെ അറവ് മാലിന്യങ്ങള്‍ കുന്നുകൂടി ചാലക്കുടി മാര്‍ക്കറ്റും പരിസരവും ചീഞ്ഞ്‌നാറുന്നു. ആരോഗ്യവിഭാഗം നോക്കുകുത്തിയായതോടെ അറവ് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന സ്ഥലമായി മാര്‍ക്കറ്റ് മാറി. ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപവാസികള്‍ക്ക് വീട്ടിലിരിക്കാനാകാത്ത അവസ്ഥയാണ്. മാലിന്യ പ്ലാന്റ് ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യകൂമ്പാരത്തിനരികെയുള്ള കിണറ്റിലെ വെള്ളമാണ് മാംസമടക്കമുള്ളവ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത്. അറവ് മാലിന്യങ്ങള്‍ ചീഞ്ഞുനാറിയതോടെ ഈച്ച ശല്യവും പ്രദേശത്ത് രൂക്ഷമായി. സമീപത്തെ വീടുകളിലെ കിണര്‍ വെള്ളവും ഉപയോഗശൂന്യമായി. വെള്ളം പണം നൽകി വാങ്ങിയാണ് ഭൂരിഭാഗം വീട്ടുകാരും ഉപയോഗിക്കുന്നത്. മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ സംബന്ധിച്ച് നഗരസഭയില്‍ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരും പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുകയാണ്. പരാതികള്‍ ഉയരുമ്പോള്‍ കുമ്മായമടക്കമുള്ളവ കൊണ്ടുവന്നിടുക മാത്രമാണ് ചെയ്യുന്നത്. ഇറച്ചിക്കോഴി കടകളില്‍ നിന്നുള്ള മാലിന്യങ്ങളും പലപ്പോഴും ഇവിടെ തള്ളുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാനോ പരിശോധന നടത്താനോ നഗരസഭ തയ്യാറാകുന്നില്ല. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുടേയും ഉദ്യോഗസ്ഥരുടേയും നയത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. നഗരത്തിലെ ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതായും ആക്ഷേപമുണ്ട്. പൊതുകാനകളിലേക്ക് മലിനവെള്ളം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ കാണിച്ചുകൊടുത്തിട്ടും നടപടിയെടുക്കാന്‍ ആരോഗ്യ വിഭാഗം തയ്യാറാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home