ad
Deshabhimani

പനിയുടെ കേന്ദ്രമായി ജില്ല

തൃശൂർ ജനറൽ ആശുപത്രിയിലെ പനി ക്ലിനിക്കിന് മുന്നിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നവർ

തൃശൂർ ജനറൽ ആശുപത്രിയിലെ പനി ക്ലിനിക്കിന് മുന്നിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നവർ

avatar
സ്വന്തം ലേഖിക

Published on Jun 30, 2026, 12:15 AM | 2 min read

തൃശൂര്‍

പകര്‍ച്ചരോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയതോടെ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു. ഈ മാസം ‌മാത്രം പനി ബാധിച്ച് 27,301 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 27,102 പേര്‍ ഒപിയില്‍ ചികിത്സതേടി. 199 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. പ്രതിദിനം ശരാശരി ആയിരത്തിലധികം പേര്‍ ഒപിയില്‍ മാത്രം ചികിത്സതേടുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി കേസുകളും ജില്ലയില്‍ വര്‍ധിക്കുകയാണ്. മഴക്കാല മുന്നൊരുക്കങ്ങള്‍ പാളിയ കോര്‍പറേഷനിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ ജില്ലയില്‍ 251 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 123 കേസും കോര്‍പറേഷന്‍ പരിധിയിലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിക്കുണ്ടായ വീഴ്ചയാണ് പകര്‍ച്ചവ്യാധി പകരാന്‍ കാരണം. ഡെങ്കിപ്പനിയും പനിയും വ്യാപകമായപ്പോള്‍ മാത്രമാണ് കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. അപ്പോഴേക്കും കോര്‍പറേഷന്‍ ഡെങ്കിപ്പനിയുടെയും പനിയുടെയും കേന്ദ്രമായി. ജില്ലയില്‍ 657 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. 18 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 95 ഇന്‍ഫ്ലുവന്‍സയും റിപ്പോര്‍ട്ട് ചെയ്തു.‌ ഇതുവരെ 
14 ഷിഗല്ല ബാധിതര്‍ ജില്ലയില്‍ ഇതുവരെ 14 പേര്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. പാറളം പഞ്ചാത്ത് കോടന്നൂരില്‍ നാലുവയസ്സുള്ള കുട്ടിക്കാണ് അവസാനം ഷിഗല്ല സ്ഥിരീകരിച്ചത്. ഷിഗല്ല ബാധിച്ച് ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ‍ഇക്കൊല്ലമാണ് ജില്ലയില്‍ ഇത്രയധികം പേര്‍ ഷിഗല്ല ബാധിതരായത്. ജില്ലയില്‍ 2022 മുതലാണ് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. 2022ലും 23ലും രണ്ടുപേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചിരുന്നു. 2024ല്‍ ആറ് പേർക്ക് ഷിഗല്ല ബാധിച്ചതാണ് ഇതിനു മുമ്പുള്ള വലിയ രോഗ വ്യാപനം. ​മലമ്പനിബാധിതര്‍ 
മൂന്നായി ജില്ലയില്‍ മലമ്പനി വ്യാപിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി ബാധിതരായത്. നെന്മണിക്കര, പുത്തന്‍ചിറ, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണിവര്‍. പ്ലാസ്മോഡിയം ഫാൽസിപാറം വിഭാഗത്തിലുള്ള മലമ്പനിയാണ് ഇവരെ ബാധിച്ചിരിക്കുന്നത്. പ്ലാസ്മോഡിയം പാരസൈറ്റുകൾ പരത്തുന്ന മലമ്പനി (മലേറിയ) മരണത്തിന്‌ ഇടയാക്കുന്നതാണ്‌. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാറം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഒവേയിൽ എന്നിങ്ങനെ നാല് തരം മലമ്പനികളുണ്ട്. ഇതിൽ ആദ്യ രണ്ടുവിഭാ​ഗം മാത്രമാണ് കേരളത്തിലുള്ളത്. ​മരുന്നില്ലാതെ 
ആശുപത്രികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും പകര്‍ച്ച രോഗങ്ങള്‍ വ്യാപകമായി ജില്ലയില്‍ പടര്‍ന്നു പിടിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് മരുന്നില്ല. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നാണ് ഇല്ലാത്തത്. രക്തസമ്മര്‍ദത്തിന് ടെല്‍മിസാര്‍ട്ടന്‍ എന്ന മരുന്നാണ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഈ മരുന്നിന്റെ വിതരണം കുറഞ്ഞതോടെ ടെല്‍മിസാര്‍ട്ടന് പകരം അമലോഡിപ്പിന്‍ രോഗികള്‍ക്ക് നല്‍കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതരായി. ഇപ്പോഴിതും ലഭിക്കാത്ത സാഹചര്യമാണ്. രക്തത്തിലെ അമിതമായ കൊളസ്ട്രോള്‍ കുറയ്ക്കാനും പക്ഷാഘാതം, ഹൃദയാഘാതം എന്നിവ തടയാനും ഉപയോഗിക്കുന്ന അറ്റോര്‍വാസ്റ്റാറ്റിന്‍, ഗ്യാസ്ട്രബിളിന് നല്‍കുന്ന റാന്‍ടെക്, ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന കാല്‍സ്യം, അയണ്‍ ഗുളികള്‍, കുട്ടികള്‍ക്കുള്ള അയണ്‍ സിറപ്പ് എന്നിവയും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home