ആശ വർക്കർമാരുടെ ഡിഎംഒ ഓഫീസ് മാർച്ച്

ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
വെട്ടിച്ചുരുക്കിയ ഇൻസെന്റീവുകൾ പുനഃസ്ഥാപിക്കുക, സംഘടനാ നേതൃത്വവുമായി ചർച്ച നടത്തിയശേഷം മാത്രം പുതിയ സർക്കുലർ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിഎംഒ ഓഫീസ് മാർച്ച് നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ശശികല ശ്രീവത്സൻ അധ്യക്ഷയായി. സിഎംഎസ് സ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നൂറിലേറെ ആശ വർക്കർമാർ പങ്കാളികളായി. ആശ വർക്കർമാരോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ ശക്തമായ താക്കീതായി മാർച്ച്. സിഐടിയു ജില്ലാ ട്രഷറർ ലത ചന്ദ്രൻ, ആശ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അജിത രാജൻ, യൂണിയൻ ജില്ലാ സെക്രട്ടറി സിന്ധു ബാബുരാജ്, യൂണിയൻ ജില്ലാ ട്രഷറർ കൃഷ്ണവേണി ജയൻ എന്നിവർ സംസാരിച്ചു. ശൈലി ആപ്പിന്റെ വിവരശേഖരണത്തിന് നിശ്ചയിച്ച തുക മുൻകാല പ്രാബല്യത്തോടെ ഉടന്‍ അനുവദിക്കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച 21,000 രൂപ ഓണറേറിയം അനുവദിക്കുക, ആശമാരെ അനധികൃതമായി വാർഡ് മാറ്റുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി എടുക്കുന്നത് അവസാനിപ്പിക്കുക, ആശമാർക്ക് അമിതജോലി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, ഫോൺ ചാർജ് വർധിപ്പിക്കുക, മൂന്ന് മാസത്തെ മെഡിക്കൽ അവധി രണ്ടുവർഷത്തിൽ ഒരിക്കൽ എന്നുള്ള സമയപരിധി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.









0 comments