വില്ലൻ സിറിഞ്ച്
മയക്കുമരുന്ന് കുത്തിവച്ച യുവാക്കളിൽ എയ്‌ഡ്‌സ് വർധന

net image
തൃശൂർ
സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന യുവാക്കളിൽ എയ്‌ഡ്‌സ് രോഗത്തിൽ വർധന. മാരക ലഹരി കുത്തിവയ്‌ക്കുന്ന സിറിഞ്ചുകൾ പരസ്‌പരം പങ്കുവയ്‌ക്കുന്നതാണ് എച്ച്ഐവി പകരാൻ കാരണമാകുന്നത്. എയ്‌ഡ്‌സ് ബാധിതർ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ എയ്‌ഡ്‌സ് ബാധിതരിൽ 19–25 വയസ്സുവരെയുള്ളവരുടെ എണ്ണം വർധിക്കുന്നതായി കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (കെഎസ്‌എസിഎസ്) പഠനം വ്യക്തമാക്കുന്നു. ഇതിൽ കൂടുതലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. സംസ്ഥാനത്ത് ഇൗ വർഷം 1213 എയ്‌ഡ്‌സ് ബാധിതരെയാണ് പുതുതായി കണ്ടെത്തിയത്. ഇതിൽ 197 പേർ 19– 25 പ്രായമുള്ളവരാണ്. 2021–22ൽ ഇത് 76 ആയിരുന്നു. 2022–23ൽ 130, 2023–24ൽ 181 ആയും വർധിച്ചു. ഇവരിൽ കൂടുതൽപേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. അണുബാധയുള്ള സിറിഞ്ച് പരസ്‌പരം ഉപയോഗിക്കുന്നതാണ് അപകടമെന്ന് കെസാക്‌സ് ജോയിന്റ് ഡയറക്ടർ രശ്‌മി മാധവൻ പറഞ്ഞു. സിന്തറ്റിക് മയക്കുമരുന്നിന് അടിമയായി കൂട്ടത്തോടെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതും രോഗം പകരാൻ കാരണമാവുന്നു. ടാറ്റു അടിക്കുമ്പോഴും രോഗം പകരുന്നു. ലൈംഗിക തൊഴിലാളികളിലും അതിഥിത്തൊഴിലാളികളിലും രോഗം കൂടുതൽ കാണാം. പുരുഷ സ്വവർഗരതിയിലൂടെയും രോഗം പകരുന്നു. രാജ്യത്ത് എയ്‌ഡ്‌സ് രോഗികൾ 0.21 ശതമാനമാണ്. കേരളത്തിൽ കേവലം 0.07 ശതമാനം മാത്രമാണ്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതർ കൂടുതൽ. എറണാകുളവും ഇൗ പട്ടികയിലേക്ക് നീങ്ങുകയാണ്. തൃശൂർ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ രോഗസാന്ദ്രത. എച്ച്‌ഐവി പ്രതിരോധത്തിനായി സംസ്ഥാന ആരോഗ്യവകുപ്പും എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി ‘യുവജാഗരൺ’ സംഘടിപ്പിക്കുന്നുണ്ട്. കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച്, ലൈംഗിക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, ക്ഷയ രോഗം, ലിംഗ സമത്വം, ലൈംഗികാരോഗ്യം തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് ബോധവൽക്കരണം യുവജാഗരൺ പദ്ധതി വഴി തുടരുകയാണെന്നും അവർ പറഞ്ഞു.








0 comments