-‘ചുവപ്പുകടൽ’ ആശങ്കവേണ്ട; കാരണം ‘നോക്ടിലുക’

നോക്ടിലുക’പ്ലവഗങ്ങൾ
തൃശൂർ
കടലിൽ ചുവപ്പുനിറം കണ്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല അധികൃതർ അറിയിച്ചു. ‘നോക്ടിലുക’ എന്ന സൂക്ഷ്മ സസ്യ സാന്നിധ്യമാണ് ചുവപ്പ് നിറത്തിന് കാരണം. ഇവയുടെ എണ്ണം വർധിക്കുമ്പോൾ കടൽ ചുവപ്പായി തോന്നുകയാണെന്നും കുഫോസ് അധികൃതർ അറിയിച്ചു. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചുവരെ അടുത്ത ദിവസങ്ങളിൽ കടലിന്റെ നിറത്തിൽ വലിയ വ്യത്യാസം കാണപ്പെട്ടതായി നാട്ടുകാർ ശ്രദ്ധിച്ചു. പ്രത്യേകിച്ചും പുതുവൈപ്പ് ബീച്ചിൽ കടൽത്തീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. ഇതേ തുടർന്ന് കുഫോസ് നടത്തിയ ജല സാമ്പിള്‍ പരിശോധനയിൽ നോട്ടിലൂക്ക എന്ന ഡയാനോഫ്ളാജോലൈറ്റ് വിഭാഗത്തിൽ സൂക്ഷ്മ സസ്യം (പ്ലവഗങ്ങൾ) വളരെ കൂടുതലായി കണ്ടെത്തി. "റെഡ് ടൈഡ്" എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണിത്. സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള സൂക്ഷ്മജീവിയാണിത്. ചില സാഹചര്യങ്ങളിൽ അതിന്റെ എണ്ണം വർധിക്കും. പിന്നീട് കൂട്ടത്തോടെ നശിക്കും. ഇതോടെ ഓക്സിജൻ, മത്സ്യലഭ്യത എന്നിവ കുറയും. ഇത് പ്രാദേശിക മത്സ്യത്തൊഴിലാളികൾ ശരിവച്ചു. മത്സ്യത്തൊഴിലാളികൾ ഈ പ്ലവഗങ്ങളെ "പോള" എന്നാണ് വിളിക്കുന്നത്. വിശദമായ വിവര ശേഖരണത്തിന് ഇൻകോയിസുമായി ബന്ധപ്പെട്ടു. എന്നാൽ, മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. ഇതിനു പിന്നിലുള്ള പരിസ്ഥിതി ഘടകങ്ങൾ വ്യക്തമാക്കുന്നതിനായി കുഫോസിന്റെ ഗവേഷകസംഘം വിശദമായ പരിശോധന തുടരുകയാണ്.








0 comments