പടർന്നു സമരജ്വാല

ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി പട്ടാളം റോഡിലെ പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രകടനം
തൃശൂർ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി– കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സമരജ്വാല പടർത്തി. മോദി സർക്കാരിന്റെ വർഗീയ – കോർപറേറ്റ് നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് തൊഴിലാളികൾ പ്രഖ്യാപിച്ചു. കർഷക, കർഷകത്തൊഴിലാളി, ട്രേഡ് യൂണിയൻ സംയുക്ത വേദി ജില്ലാ സമിതി നേതൃത്വത്തിൽ തൃശൂരിൽ നടന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി തിങ്കൾ രാവിലെ എട്ടുമുതൽ തൃശൂർ പട്ടാളം റോഡിലെ പോസ്‌റ്റോഫീസ് ഉപരോധിച്ചു. തുടർന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക ദ്രോഹനയങ്ങൾ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃപരിശോധിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക, ഇപിഎഫ് മിനിമം പെൻഷൻ 9000 രൂപയാക്കുക, രാസവള– കീടനാശിനി വിലവർധന പിൻവലിക്കുക തുടങ്ങി 21 ഇന ആവശ്യങ്ങളുന്നയിച്ചാണ് ജയിൽ നിറയ്‌ക്കൽ സമരം സംഘടിപ്പിച്ചത്. കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി ടി കെ സുധീഷ് അധ്യക്ഷനായി. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, എം കെ പ്രഭാകരൻ (കെഎസ്‌കെടിയു), കെ കെ രാജേന്ദ്രബാബു (എഐകെഎസ് ), രാഗേഷ് കണിയാംപറന്പിൽ (ബികെഎംയു), കെ എസ് ജോഷി (എച്ച്‌എംഎസ്), എം കെ വാസുദേവൻ (എച്ച്‌എംകെപി), എം കെ തങ്കപ്പൻ (ടിയുസിഐ) എന്നിവർ സംസാരിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ സി മൊയ്‌തീൻ , സിഐടിയു കേന്ദ്രകൗൺസിൽ അംഗം എം എം വർഗീസ്, സിഐടിയു ജില്ല പ്രസിഡന്റ് കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി കെ ഷാജൻ, പി കെ ഡേവിസ്, ടി വി ഹരിദാസൻ, എം ബാലാജി, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, എൻ കെ അക്‌ബർ, ലത ചന്ദ്രൻ, എ എസ് കുട്ടി, പി ആർ വർഗീസ്, വി എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.










0 comments