ad
Deshabhimani

വെള്ളപ്പൊക്കം; നാട്ടുകാരും 
കർഷകരും ചേർന്ന് ചീപ്പ് പൊളിച്ചു

അഞ്ചുമുറി കോൾപ്പടവിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് നാട്ടുകാരും കർഷകരും ചേർന്ന് ചീപ്പ് പൊളിക്കുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 12:20 AM | 1 min read

അരിമ്പൂർ

അഞ്ചുമുറി കോൾപ്പടവിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വാരിയം കോൾ പാടശേഖര സമിതി സെക്രട്ടറി കെ കെ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും കൃഷിക്കാരും ചീപ്പ് പൊളിച്ച് വെള്ളം സമീപത്തെ വാരിയംകോളിലേക്ക് ഒഴുക്കി വിട്ടു. ഇവിടെനിന്നുള്ള വെള്ളം മറ്റു പടവുകൾവഴി പെരുമ്പുഴ പാടശേഖരത്തിൽ എത്തും. അവിടെനിന്ന് മണലൂർ പടവിലേക്ക് വെള്ളം പോകാനുള്ള സൗകര്യത്തിനായി ആറാംകല്ല് പെരുമ്പുഴ കുഞ്ഞിപ്പാലത്തിനു സമീപമുള്ള കഴയും പൊളിച്ചു. തോട്ടുപുര പടവിലെ കഴകൂടി ഇനി തുറക്കേണ്ടതുണ്ട്. വാരിയംകോളിലും അഞ്ചുമുറി പടവിലും ലക്ഷങ്ങളുടെ മീനുകൾ വളർത്തുന്നുണ്ട്. അഞ്ചുമുറി പടവിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് മനക്കൊടി പ്രദേശത്ത് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പടവുകളിൽനിന്ന് വെള്ളം ഒഴുക്ക് സുഗമമാക്കിയെങ്കിലും കരുവന്നൂർ പുഴയിൽനിന്ന് കൂടുതൽ വെള്ളം എത്തിയാൽ ഇതുവഴിയുള്ള യാത്ര അപകടകരമാകും. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് ഇതുവഴി യാത്ര ചെയ്യുന്ന പലരും വാഹനം അടക്കം വെള്ളത്തിൽ കുടുങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. തൃശൂരിൽനിന്ന് തൃപ്രയാറിലേക്ക് പോകാൻ 9 കിലോമീറ്റർ ദൂരം ലാഭമുള്ള റോഡ് ആണെന്നതിനാൽ ഒട്ടനവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. മനക്കൊടി പുള്ള് റോഡിന്റെ ഇടയിൽനിന്ന്‌ തിരിഞ്ഞ് ശാസ്താംകടവ് വഴി കോടന്നൂരിലേക്കും ഒരു റോഡ് പോകുന്നുണ്ട്. ഇവിടെയും ചെറിയതോതിൽ വെള്ളം ഉയർന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home