തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്‌ക്കൽ
സർക്കാരിന് താക്കീതായി എല്‍ഡിഎഫ് കോർപറേഷൻ ഓഫീസ് മാർച്ച്

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോർപറേഷൻ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Aug 04, 2026, 12:13 AM | 2 min read
തൃശൂർ
യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കോർപറേഷൻ ഓഫീസിലേക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉജ്വല മാർച്ച്. ജനപ്രതിനിധികളും സ്‌ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധം പ്രാദേശിക വികസനം അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനുള്ള താക്കീതായി മാറി. തൃശൂർ കോർപറേഷൻ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി കെ ബി സുമേഷ് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ രവീന്ദ്രൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സെക്രട്ടറി പ്രിജു ആന്റണി, എൻസിപി എസ് ജില്ലാ സെക്രട്ടറി കെ എൻ വിവേകാനന്ദൻ, ജെയിംസ് മുട്ടിക്കൽ (ജനാധിപത്യ കേരള കോൺഗ്രസ്), പോൾ എം ചാക്കോ ( കേരള കോൺഗ്രസ് സ്കറിയ), സിപിഐ എം തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, ടി ആർ ഹിരൺ എന്നിവർ സംസാരിച്ചു. പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ചാലക്കുടിയില്‍ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സിപിഐ എം ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്‌ഘാടനം ചെയ്‌തു. പറപ്പൂക്കര പഞ്ചായത്ത് മാർച്ച് കെ കെ രാമചന്ദ്രൻ എംഎൽഎയും ഗുരുവായൂർ നഗരസഭാ മാർച്ച് കെ കെ വത്സരാജ് എംഎൽഎയും കൊടുങ്ങല്ലൂർ നഗരസഭാ മാർച്ച് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷും ശ്രീനാരായണപുരത്ത് എൽഡിഎഫ് കൺവീനർ പി കെ ചന്ദ്രശേഖരനും വല്ലച്ചിറയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജനും പാവറട്ടിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസനും വരവൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി നഫീസയും ഉദ്‌ഘാടനം ചെയ്‌തു. പെരിഞ്ഞനത്ത് ജില്ലാകമ്മിറ്റി അംഗം കെ വി രാജേഷ്, മറ്റത്തൂരിൽ ജില്ലാ കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ, മുള്ളൂർക്കരയിൽ ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, വെങ്കിടങ്ങിൽ മണലൂരിൽ ഏരിയ സെക്രട്ടറി പി എ രമേശൻ, ചേലക്കരയിൽ ഏരിയ സെക്രട്ടറി ടി ഗോകുലൻ, പുതുക്കാട് ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, എരുമപ്പെട്ടിയിൽ ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയൻ, തെക്കുംകരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചേലക്കരയിൽ യു ആർ പ്രദീപ് എംഎൽഎ, വലപ്പാട് പഞ്ചായത്തിൽ ഗീതഗോപി എംഎൽഎ എന്നിവരും സമരം ഉദ്‌ഘാടനം ചെയ്‌തു.










0 comments