ad
Deshabhimani

വിളിച്ചുവരുത്തിയ അപകടം

a

എടായിപ്പാലത്ത് കുന്നിടിഞ്ഞ മലയ്ക്കുമുകളിലുള്ള പാണക്കാട് സ്ട്രെയിറ്റ് പാത്ത് ഇന്റര്‍നാഷണല്‍ സ്കൂള്‍ കെട്ടിടം. മണ്ണിടിഞ്ഞ ഭാഗവും കാണാം

വെബ് ഡെസ്ക്

Published on Aug 04, 2026, 01:05 AM | 2 min read

സ്വന്തം ലേഖകന്‍

മലപ്പുറം

മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ പാണക്കാട് എടായിപ്പാലത്ത് കുന്നിടിഞ്ഞ് അപകടമുണ്ടായത് നഗരസഭയുടെ കനത്ത അനാസ്ഥ കാരണം. ചെങ്കുത്തായ മലഞ്ചെരുവില്‍ 2019ല്‍ മണ്ണിടിച്ചിലുണ്ടായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത് വീഴ്ചയാണെന്നാണ് ആക്ഷേപം. മലപ്പുറം നഗരസഭ 39–ാം വാര്‍ഡില്‍ കടലുണ്ടിപ്പുഴയ്ക്ക് എതിര്‍വശമുള്ള ഭൂമിയുടെ അടിവശം പാറയും മേല്‍ഭാഗം മണ്ണുമാണ്. ഇവിടെ കെട്ടിടം നിര്‍മിക്കാനായി മണ്ണെടുത്താല്‍ ഭൂമിയുടെ സ്വാഭാവിക ഘടനതന്നെ നഷ്ടമാകും. പക്ഷേ, തിരൂരങ്ങാടി സ്വദേശി സമര്‍പ്പിച്ച അപേക്ഷയില്‍ 2025 സെപ്തംബര്‍ 26ന് നഗരസഭ നിര്‍മാണാനുമതി നല്‍കി. പ്രദേശത്തുനിന്ന് മണ്ണെടുക്കുന്നതിന് മൂന്നുതവണയാണ് നഗരസഭ പെര്‍മിറ്റ് പുതുക്കി നല്‍കിയത്. 2026 ജനുവരി 30വരെയായിരുന്നു ആദ്യം മണ്ണെടുക്കാനുള്ള അനുമതി. എന്നാല്‍, തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ മണ്ണ് നീക്കാനായില്ലെന്നുകാട്ടി ഉടമ നല്‍കിയ അപേക്ഷയില്‍ ഫെബ്രുവരി 28വരെ പെര്‍മിറ്റ് പുതുക്കി. മാര്‍ച്ച് ഏഴിന് വീണ്ടും പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. ഇത് അനുവദിച്ച് ഏപ്രില്‍ 30വരെ മണ്ണെടുക്കാന്‍ അനുവദിച്ചു. മെയ് 12ന് മൂന്നാമതും പെര്‍മിറ്റ് പുതുക്കി ജൂണ്‍ 19വരെ അനുമതി നല്‍കി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍പേഴ്സണ്‍ വി റിനിഷയോട് നാട്ടുകാര്‍ പ്രതിഷേധമറിയിച്ചിരുന്നു. കെട്ടിടം നിര്‍മിക്കാന്‍ മുന്‍ സര്‍ക്കാരാണ് അനുമതി നല്‍കിയെന്ന കള്ളമാണ് ചെയര്‍പേഴ്സണ്‍ പ്രചരിപ്പിച്ചത്. എന്നാല്‍, 3000 സ്‌ക്വയര്‍ മീറ്ററില്‍ താഴെയുള്ള നിര്‍മാണത്തിന് നഗരസഭയുടെ അനുമതി മതിയെന്ന് തിരിച്ചറിഞ്ഞതോടെ കളംമാറ്റി. നിര്‍മാണാനുമതി നല്‍കിയത് ഉദ്യോഗസ്ഥരാണെന്നും പരിശോധിക്കുമെന്നുമായി പുതിയ വാദം. ഉത്തരവാദിത്തം മുന്‍ കൗണ്‍സിലിന്റെ തലയിലിട്ട് തലയൂരാനാണ് ശ്രമം. പെര്‍മിറ്റ് കാലാവധി അവസാനിച്ചിട്ടും സ്ഥലത്തുനിന്ന് മണ്ണ് നീക്കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ സമ്മതിച്ചിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെ മണ്ണ് നീക്കിയിട്ടും എന്തുകൊണ്ട് ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ഉയരുന്ന ചോദ്യം. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍മാത്രം ദൂരെയാണ് അപകടസ്ഥലം.


സ്ട്രെയിറ്റ് പാത്ത് സ്കൂളിന് ഭീഷണി

മലപ്പുറം

മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ എടായിപ്പാലത്ത് കുന്നിടിഞ്ഞതോടെ മലയുടെ മുകള്‍വശത്തുള്ള പാണക്കാട് സ്ട്രെയിറ്റ് പാത്ത് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക. നിലവില്‍ മണ്ണിടിഞ്ഞ ഭാഗത്തിനുമുകളിലായാണ് ഈ റസിഡന്‍ഷ്യല്‍ ക്യാമ്പസ്. മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലാണ് സ്കൂള്‍. സിബിഎസ്ഇക്കുകീഴില്‍ 2014ലാണ് സ്കൂള്‍ സ്ഥാപിച്ചത്. മുസ്ലിംലീഗ് നേതാവ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളാണ് ചെയര്‍മാന്‍. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി തങ്ങള്‍ വൈസ് ചെയര്‍മാനാണ്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ ഡയറക്ടറുമാണ്. തിങ്കളാഴ്ച കുന്നിടിഞ്ഞതിനുപിന്നാലെയാണ് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ മാറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home