നിഖിലേഷ് സുരേന്ദ്രൻ മുഖ്യപരിശീലകൻ
ആലപ്പി റിപ്പിൾസ് പരിശീലനം ആരംഭിച്ചു

ആലപ്പുഴ എസ്‌ഡി കോളേജ് ഗ്രൗണ്ടിൽ പരിശീലനത്തിനെത്തിയ ആലപ്പുഴ റിപ്പിൾസ് ടീം
ആലപ്പുഴ
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനായി ആലപ്പി റിപ്പിൾസ് പരിശീലനം ആരംഭിച്ചു. ആലപ്പുഴ എസ്‌ഡി കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ്. ക്യാപ്റ്റൻ സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ ക്യാമ്പിലുണ്ട്. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് മുഖ്യപരിശീലകൻ. 2013 മുതൽ 2018 വരെ കേരള ടീമിലെ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്.
ടീമിന്റെ സഹപരിശീലകരായി മുൻ താരം കെ എസ് മോനിഷ് (കരുപറമ്പിൽ സതീഷ് മോനിഷ്), ഫർസീൻ അഹമ്മദ് എന്നിവരും ചുമതലയേറ്റു. 2015- –16 രഞ്ജി ട്രോഫി സീസണിൽ എട്ട് മത്സരങ്ങളിൽനിന്ന് 49 വിക്കറ്റുകൾ വീഴ്ത്തി, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് മോനിഷ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള ഗബ്രിയേൽ ബെൻ കുര്യനാണ് ഫീൽഡിങ് പരിശീലകൻ. വിരാട് കോഹ്‌ലിക്ക് അടക്കം പന്തെറിയുന്ന ത്രോ ഡൗൺ സ്പെഷ്യലിസ്റ്റാണ് ഗബ്രിയേൽ.
രാജസ്ഥാൻ റോയൽസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ എ ടി രാജമണി പ്രഭു (എടിആർ), വിനീത് കുമാർ എന്നിവരാണ് ഇത്തവണ ആലപ്പിയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകരായി എത്തുന്നത്. മറ്റു സപ്പോർട്ടീവ് സ്റ്റാഫ് അംഗങ്ങൾ: പി ബി ശ്രീവത്സൻ (പെർഫോമൻസ് അനലിസ്റ്റ്), പി വി അസ്കർ (ടീം ഫിസിയോ), സന്തോഷ് പി ചാക്കോ (മസ്സിയർ), കെ എ നന്ദകുമാർ (ത്രോബോൾ സ്പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജർ), റ്റോബിൻ തോമസ് ( ടീം ഡയറക്ടർ), കെ ജി അഭിഷേക് (മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജിക് ഹെഡ്).










0 comments