ad
Deshabhimani

കൃഷി മഴയെടുത്തു

കർഷകർക്ക്‌ കണ്ണീരോണം

heavy rain

മൂവാറ്റുപുഴയ്ക്കുസമീപം മേക്കടമ്പ് പാടത്ത് കപ്പക്കൃഷി വെള്ളംകയറി നശിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Aug 04, 2026, 02:48 AM | 1 min read

കൊച്ചി


കനത്ത മഴ തകർത്തെറിഞ്ഞ കൃഷിയിടങ്ങളിൽ പെയ്‌തിറങ്ങുകയാണ്‌ കർഷകരുടെ കണ്ണീർ. ഓണം ലക്ഷ്യമിട്ടുള്ള കൃഷി ശക്തമായ മഴയിൽ വെള്ളത്തിലായതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിലായി. ലാഭം പോയിട്ട്‌, മുടക്കുമുതൽപോലും തിരികെ ലഭിക്കാത്ത അവസ്ഥയിലാണ്‌.


ജൂലൈ 31 മുതൽ ആഗസ്‌ത്‌ രണ്ടുവരെയുള്ള ദിവസങ്ങളിൽ മാത്രം 70.26 ഹെക്ടർ കൃഷിയാണ്‌ ജില്ലയിൽ നശിച്ചത്‌. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്‌ മാത്രമാണിത്‌. കണക്കെടുപ്പ്‌ പൂർത്തിയാകുന്നതോടെ നഷ്ടം ഇനിയും ഉയരും. ഇ‍ൗ ദിവസങ്ങളിൽ കനത്ത മഴ പെയ്‌തപ്പോൾ താഴ്‌ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടെ വെള്ളത്തിലായി.


ഏറ്റവും കൂടുതൽ നാശമുണ്ടായത്‌ വാഴക്കൃഷിയിലാണ്‌. 20 ഹെക്ടറിലധികം കൃഷിയാണ്‌ നശിച്ചത്‌. കുലച്ചതും കുലയ്‌ക്കാത്തതുമായ വാഴകൾ നിലംപൊത്തുകയോ ഒടിഞ്ഞുവീഴുകയോ ചെയ്‌തു. 52,450 വാഴകളാണ്‌ പോയത്‌. ഇതിൽ 28,600 വാഴകൾ കുലച്ചതും 23,850 കുലയ്‌ക്കാത്തതുമായിരുന്നു. ഓണം അടുക്കുന്നതോടെ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വാഴ കർഷകർ. ആ പ്രതീക്ഷയാണിപ്പോൾ നിരാശയായി മാറിയത്‌. 964 കർഷകരുടെ വാഴകളാണ്‌ പോയത്‌. വാഴക്കൃഷിയിൽ ആകെ 2.67 കോടിയുടെ നഷ്ടമാണിപ്പോൾ കണക്കാക്കിയിരിക്കുന്നത്‌. പത്ത്‌ ഹെക്ടറിലധികം പച്ചക്കറിയും 13.2 ഹെക്ടറിൽ മരച്ചീനിയും നാല്‌ ഹെക്ടർ നെൽക്കൃഷിയും നശിച്ചു. 179 ജാതിയും 125 കവുങ്ങും 80 റബറും നശിച്ചിട്ടുണ്ട്‌. പെരുന്പാവൂർ, പിറവം, മൂവാറ്റുപുഴ, മുളന്തുരുത്തി പ്രദേശങ്ങളിലാണ്‌ കൂടുതൽ നാശനഷ്ടം. ഇതുവരെ ആകെ നഷ്ടം കണക്കാക്കിയിരിക്കുന്നത്‌ 2.87 കോടിയാണ്‌.


വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ തുടരുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇതോടെ കൂടുതൽ കൃഷി നശിക്കുമെന്ന ആശങ്കയിലാണ്‌ കർഷകർ. നാശത്തിന്റെ തോത്‌ ഇനിയും ഉയർന്നാൽ ഓണവിഭവങ്ങൾ ഒരുക്കാൻ പ്രയാസപ്പെടും. യുഡിഎഫ്‌ സർക്കാർ വിപണിയിൽ കാര്യക്ഷമമായി ഇടപെടാൻ മടിക്കുന്നതോടെ അവശ്യസാധനങ്ങളുടേതടക്കം വിലയും കുതിച്ചുയരുകയാണ്‌. മഴക്കെടുതിയും സർക്കാർ അനാസ്ഥയും ഒരുപോലെ തുടർന്നാൽ ഓണമാകുന്നതോടെ പച്ചക്കറിവില കത്തിക്കയറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home