ഹരിതത്തിൽ മായമില്ല

ചെമ്പിലോട് പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങളുടെ മനുഷ്യപ്പറ്റിന്റെ വേറിട്ട കഥ എട്ടാണ്ടായി തുടരുകയാണ്. വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിൽ മാത്രമല്ല അശരണരുടെ വയ്യായ്‌മകളിലും ഇവരുടെ കണ്ണെത്തും. ചെറിയ സ്‌നേഹപ്പൊതികളായി ആരുമറിയാതെ അത് വീടുകളിൽ എത്തും. ഇത്തരത്തിൽ തന്നടയിലെ കിടപ്പുരോഗിക്ക് ഒരു മാസം പോലും മുടങ്ങാതെ നാല് വർഷമായി നിത്യോപയോഗ സാധന കിറ്റ് ഇവർ വീട്ടിലെത്തിക്കുന്നു. ഇവിടെയും തീരുന്നില്ല ഈ സ്‌നേഹഗാഥ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയയ്യായിരം രൂപയടക്കം ദുരിതമനുഭവിക്കുന്ന വൃക്ക രോഗികൾ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ, ബഡ്സ് സ്കൂളിലെ കുട്ടികൾ എന്നിവർക്ക് എല്ലാമായി ഒരു ലക്ഷത്തിലധികം രൂപ ഈ ഹരിത കർമ്മ സേനാംഗങ്ങൾ നൽകി കഴിഞ്ഞു. തങ്ങൾക്കായി രൂപീകൃതമായ കോർപ്പസ് ഫണ്ടിൽനിന്നും ഇപ്പോൾ സ്വന്തം വരുമാനത്തിൽനിന്നുമാണ് ഇത്രയും തുക കണ്ടെത്തുന്നത്. 40 പേരടങ്ങുന്ന സേനാംഗങ്ങൾ ഓരോ മാസവും അശരണർക്ക് സാമ്പത്തിക സഹായം നൽകാൻ ചെറിയ തുക മാറ്റിവയ്‌ക്കുന്നു. ഹരിത കർമസേനയിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച കാറ്ററിങ് യൂണിറ്റിലൂടെയും വാടക സാധനങ്ങൾ നൽകുന്ന സ്ഥാപനത്തിലൂടെയും ചെറിയ വരുമാനം ഉണ്ടാക്കുന്നു. ഇതിലൂടെ ലഭിക്കുന്ന തുകയും ചേർത്താണ് ഇവരീ സ്‌നേഹ ഹസ്തം നീട്ടുന്നത്. ചെമ്പിലോട് പഞ്ചായത്ത് മുൻ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായ ഡി ജിഷയാണ് കോ–ഓഡിനേറ്റർ.









0 comments