കെടുതിക്ക് അറുതിയില്ല

ആശ്വാസക്കരയിലേക്ക് .. നിര്‍ത്താതെ പെയ്ത മഴയില്‍ വെള്ളംകയറിയ കക്കോടി പാലം- കണ്ണാടിക്കല്‍ റോഡിലെ വീടുകളില്‍നിന്നും ആളുകളെ അഗ്നിരക്ഷാസേന റബര്‍ ഡിങ്കിയില്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നു. ഫോട്ടോ/മിഥുന്‍ അനില മിത്രന്‍
സ്വന്തം ലേഖകൻ കോഴിക്കോട് അൽപ്പം കുറഞ്ഞെങ്കിലും ആശങ്കയേറ്റി ജില്ലയിൽ മഴ പെയ്തിറങ്ങുകയാണ്. വിവിധയിടങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുന്നു. മലയോര മേഖലകളില്‍ ഞായർ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ ഇനിയും നിരവധി വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. കണ്ണാടിക്കൽ ഉൾപ്പെടെയുള്ള വെള്ളപ്പൊക്കമേഖലകളില്‍ വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകൾ ഉള്‍പ്പെടെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ഇവിടെ റബ്ബർ ഡിങ്കി ഇറക്കിയാണ് അഗ്‌നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നത്. പരമാവധി ജല സംഭരണശേഷി കഴിഞ്ഞതിനാല്‍ കക്കയം ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്ന് ഡാമിലേക്ക് നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് ഡാം തുറന്നത്. കുറ്റ്യാടി പുഴയും പൂനൂര്‍ പുഴയും കരകവിഞ്ഞു. കണ്ണാടിക്കല്‍, പറമ്പില്‍ ബസാര്‍, കക്കോടി മേഖലകളില്‍ പൂനൂര്‍പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് 200-ഓളം വീടുകളില്‍ വെള്ളം കയറി. വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. മാവൂര്‍ പഞ്ചായത്തിലെ കച്ചേരിക്കുന്ന്, ആയംകുളം, തെങ്ങിലക്കടവ്, വളയന്നൂര്‍, കുറ്റിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറിയതോടെ തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തെങ്ങിലക്കടവില്‍ ചെറുപുഴ കരകവിഞ്ഞൊഴുകിയതോടെ പ്രധാന റോഡുകളിലടക്കം വെള്ളം കയറി. മിക്ക റോഡുകളിലും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. അര്‍ധരാത്രിയില്‍ പെട്ടെന്ന് പുഴ കരകവിഞ്ഞതോടെ സമീപത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സാധനങ്ങള്‍ മാറ്റാന്‍ പോലും സമയം ലഭിക്കാതിരുന്നതിനാല്‍ വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടായി. പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ചെറിയ തോണികള്‍ വിന്യസിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണ് താമരശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം അപകട ഭീഷണിയിലായി. ഹ്യുമാനിറ്റീസ് ബ്ലോക്കും ലാബും ഉൾപ്പെടുന്ന കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്. കെട്ടിടത്തിന് പിന്നിലെ മൺതിട്ട പല തവണകളായി ഇടിഞ്ഞ് നിലവിൽ ക്ലാസ് മുറികളുടെ ജനലിന് സമാന്തരമായി മണ്ണ് അടിഞ്ഞിരിക്കുകയാണ്. ഇനിയും മണ്ണ് ഇടിഞ്ഞാൽ ചുമർ തന്നെ ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ട്. കൈതപ്പൊയിൽ അഗസ്ത്യമുഴി മുറംപാത്തി ഭാഗത്ത് റോഡിൽ വിള്ളൽ രൂപപ്പെട്ടു. മുറംപാത്തി കുരിശുപള്ളിക്ക് സമീപമാണ് പത്ത് മീറ്ററോളം റോഡിൽ വിള്ളലുണ്ടായത്. സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ പഴയ ഒന്നര അടിക്കെട്ടിന്റെ മുകളിൽ രണ്ടര അടി കെട്ട് നിർമിച്ച ഭാഗത്താണ് വിള്ളൽ വീണത്. ഇതിന് മുന്പ് രണ്ടു തവണ ഈ ഭാഗത്ത് വിള്ളൽ വീണിരുന്നു.










0 comments