അച്ചൻകോവിലാർ കരകവിഞ്ഞു: 64 വീട്ടിൽ വെള്ളം കയറി

കണ്ടിയൂർ കുരുവിക്കാട് പ്രദേശത്ത് വീടുകളിലേക്കുള്ള റോഡ് മുങ്ങിയ നിലയിൽ
മാവേലിക്കര
മലവെള്ളപ്പാച്ചിലിൽ അച്ചൻകോവിലാർ കരകവിഞ്ഞ് 64 വീടുകളിൽ വെള്ളംകയറി. ഇവയിൽ 25 വീടുകൾ ഭാഗികമായി മുങ്ങി. തഴക്കര പഞ്ചായത്തിലെ 3,5,6,8,9 വാർഡുകൾ, ചെട്ടികുളങ്ങര പഞ്ചായത്തിലെ രണ്ടാം വാർഡ് നൂറനാട് പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകൾ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. മാവേലിക്കര താലൂക്കിലെ തഴക്കര നൂറനാട് ചെട്ടികുളങ്ങര ചെന്നിത്തല പഞ്ചായത്തുകളിലെ 20 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കൂടുതൽ കുടുംബങ്ങൾ രാത്രിയോടെ ക്യാമ്പുകളിൽ എത്തും. നഗരസഭയിൽ കണ്ടിയൂർ കുരുവിക്കാട് പ്രായിക്കര പ്രദേശങ്ങളിൽ നിരവധി വീടുകളിലാണ് അച്ചൻകോവിലാർ കരകവിഞ്ഞ് വെള്ളം കയറിയത്.
നൂറനാട് ചെറുമുഖ എൽപിഎസ്, വെട്ടിയാർ ഇരട്ട പള്ളിക്കൂടം എൽപിഎസ്, കുന്നം ഗവ. എച്ച്എസ്, ചെന്നിത്തല ഗവ. മോഡൽ യുപി സ്കൂൾ, തൃപ്പെരുന്തുറ യുപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. മാവേലിക്കര താലൂക്കിൽ അച്ചൻകോവിലാറുമായി അതിരിടുന്ന പ്രദേശങ്ങൾ ഗുരുതരമായ പ്രളയ ഭീഷണിയിലാണ്. ഇനിയും വെള്ളം കയറിയാൽ കൂടുതൽ കുടുംബങ്ങൾ വെള്ളത്തിനടിയിലാകും. താലൂക്കിലെ പ്രധാന കാർഷിക മേഖലയായ വെട്ടിയാറിൽ വൻകൃഷിനാശം ഉണ്ടാകും.
തഴക്കര ഒമ്പതാം വാർഡിൽ നെടുങ്കണ്ടത്തിൽ വീട്ടിൽ തങ്കച്ചന്റെ വീട്ടിലേക്കുള്ള വഴി കനത്ത മഴയിൽ തകർന്നു. മാവേലിക്കര ടൗണ്‍ നോര്‍ത്ത് 3272-ാം നമ്പര്‍ പ്രായിക്കര എസ്എന്‍ഡിപി ശാഖ ഗുരുമന്ദിരത്തിന്റെ സംരക്ഷണ ഭിത്തി പ്രായിക്കര പുഞ്ചത്തോട്ടിലേക്ക് തകര്‍ന്നു വീണു. തിങ്കൾ പകൽ 2.45നാണ് സംഭവം. സമീപത്തെ ഗുരുക്ഷേത്ര ഓഫീസ് കെട്ടിടവും ചരിഞ്ഞ നിലയിലാണ്.
ഓഫീസ് കെട്ടിടത്തിന്റെ ചവിട്ടുപടിയുടെ അടിത്തറയും തോട്ടില്‍ പതിച്ചു. ഗുരു മന്ദിരത്തിന്റെ കിഴക്കേ അതിരിൽ അച്ചൻകോവിലാറും തെക്കേ അതിരിൽ പ്രായിക്കര പുഞ്ചത്തോടുമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതാണ് അപകടത്തിന് കാരണം.
എം എസ് അരുൺകുമാർ എംഎൽഎയും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ചെട്ടികുളങ്ങര പഞ്ചായത്തിൽ കരിപ്പുഴ തോട്ടിൽ പോള നിറഞ്ഞും മരങ്ങൾ വീണും ഒഴുക്ക് തടസ്സപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഗീത ലക്ഷ്മിയുടെ നേതൃത്വത്തിൽ പോള നീക്കം ചെയ്തും മരങ്ങൾ വെട്ടി നീക്കിയും നീരൊഴുക്ക് സുഗമമാക്കി.










0 comments