കർശന നടപടി വേണം: സിപിഐ എം

ഇന്‍കെല്‍ സോളാര്‍ പാടം നിര്‍മാണത്തിന് മണ്ണെടുത്ത സ്ഥലം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ സന്ദര്‍ശിക്കുന്നു
മലപ്പുറം
പാണക്കാട് എടായിപ്പാലത്തെ കുന്നിടിച്ചിൽ വിളിച്ചുവരുത്തിയ അപകടമാണെന്നും കർശനമായ നടപടികളുണ്ടാവണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യമാണവിടെ. അനധികൃത മണ്ണെടുപ്പും നിർമാണ പ്രവൃത്തികളും നടക്കുന്നതിന്റെ ഫലമായാണ് കുന്ന് ഇടിഞ്ഞുതാഴ്‌ന്നത്. ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റുന്നതരത്തിലുള്ള നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം. ഇൻകെല്ലിന്റെ സോളാർ പാടമടക്കമുള്ള നിർമാണങ്ങൾ ശാസ്‌ത്രീയ പരിശോധനയോടെയാണോ നടക്കുന്നതെന്ന് അന്വേഷിക്കണം. വ്യവസായ മന്ത്രിയുടെ വീടിന്റെ തൊട്ടടുത്താണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നതെന്നത് ഗൗരവം വർധിപ്പിക്കുന്നു. മണ്ണിടിഞ്ഞതിന്റെ പരിസരത്തായി നിരവധി വീടുണ്ട്. അവിടെയുള്ള ജനങ്ങൾക്ക് സുരക്ഷിത സൗകര്യം ഒരുക്കണം. ദുരിതത്തിലായവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതോടൊപ്പം അവരുടെ വീടും മറ്റ് സ്വത്തുക്കൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. 2018ലെ പ്രളയത്തിലും ഇവിടെ സമാന സംഭവങ്ങളുണ്ടായിരുന്നു. കാലവർഷം കനക്കുകയാണ്. അതിന്റെ ജാഗ്രത അധികൃതരിൽനിന്നുമുണ്ടായില്ല. രണ്ട് ദിവസംമുമ്പുവരെ മണ്ണെടുക്കലും നിർമാണ പ്രവൃത്തികളും ഇവിടെ നടന്നിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നുണ്ട്. ഇതെല്ലാം ഗൗരവമായി കണ്ട് ജില്ലാ ഭരണകേന്ദ്രവും സർക്കാരും നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments