ad
Deshabhimani

വ്യാജമദ്യമൊഴുക്ക്‌ വ്യാപകം

മണ്ണുത്തിയിൽ സ്‌പിരിറ്റ്‌ വേട്ട: 3030 ലിറ്റർ പിടികൂടി

പൊലീസ്‌ പിടികൂടിയ സ്‌പിരിറ്റ്‌

വെബ് ഡെസ്ക്

Published on Aug 15, 2026, 12:49 AM | 1 min read

സ്വന്തം ലേഖകൻ തൃശൂർ ഓണക്കാലം ലക്ഷ്യമിട്ട്‌ ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ്‌ പിടികൂടി. വാടകയ്ക്കെടുത്ത വീട് ഗോഡൗണാക്കി 101 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 3030 ലിറ്ററോളം സ്പിരിറ്റാണ്‌ പിടികൂടിയത്‌. മണ്ണുത്തി കാളത്തോട്‌ ബാറ്ററി വാട്ടർ കച്ചവടം മറയാക്കിയാണ്‌ സ്‌പിരിറ്റ്‌ ഇടപാട്‌ നടത്തിയിരുന്നത്‌. ഗോഡൗണിലേയ്ക്ക് സ്പിരിറ്റ്‌ എത്തിച്ചിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവർ അന്തിക്കാട് കുന്നത്തങ്ങാടി ഇല്ലിക്കൽ വീട്ടിൽ അജയ് ഇ സുരേഷ് (28) അറസ്റ്റിലായി. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച രണ്ട് പിക്കപ്പ് വാനുകളിൽ നിന്നായി 60 കന്നാസുകളും, വീടിനുള്ളിൽ നിന്ന് 41 കന്നാസുകളുമാണ് കണ്ടെടുത്തത്. വാടാനപ്പള്ളി സ്വദേശി റഷീദ് വാടകയ്‌ക്കെടുത്തതാണ് വീട്‌. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസെടുത്തു. ഓണക്കാലത്ത് ജില്ലയിലേക്ക്‌ വൻതോതിൽ വ്യാജമദ്യം ഒഴുക്കുന്നുണ്ടെന്ന്‌ ഉറപ്പിക്കുന്നതാണ്‌ ഇ‍ൗ സംഭവം. സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിറ്റി നർക്കോട്ടിക് സെൽ എസിപി പി ഷിബുവിന്റെ നേത്വത്തിൽ ജില്ലാ ഡാൻസാഫ് എസ്‌ഐ ബിപിൻ പി നായരും സംഘവും മണ്ണുത്തി ഇൻസ്‌പെക്ടർ ബിജുവും സംഘവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ്‌ പിടികൂടിയത്‌. കേസിലെ പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും കമീഷണർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home