ad
Deshabhimani

തകർക്കരുതേ നിപ്‌മറിലെ 
റീഹാബ് ആശുപത്രി സ്വപ്‌നം

...
avatar
സി എ പ്രേമചന്ദ്രൻ

Published on Jul 03, 2026, 12:15 AM | 1 min read

തൃശൂർ

കിടപ്പുരോഗികളുടെ പ്രതീക്ഷയായ കല്ലേറ്റുംകര നിപ്‌മറിലെ റീഹാബ് ആശുപത്രി നിർമാണം അവതാളത്തിൽ. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്‌ കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 72.54 കോടി രൂപ ചെലവിൽ 250 കിടക്കകളുള്ള റീഹാബ് ആശുപത്രിയും അക്കാദമിക് ബ്ലോക്കും നിർമിക്കാൻ കഴിഞ്ഞ എൽഡിഎ-ഫ്‌ സർക്കാർ പദ്ധതിയിട്ടിരുന്നു. പൊതുമേഖലയിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും വലിയ റീഹാബ്‌ ആശുപത്രിയാണ്‌ ലക്ഷ്യമിട്ടത്‌. എന്നാൽ, യുഡിഎഫ്‌ സർക്കാർ തുടർനടപടി സ്വീകരിക്കുന്നില്ല. നബാർഡുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിക്ക്‌ എൽഡിഎഫ്‌ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, സാങ്കേതികാനുമതി വാങ്ങുകയോ ടെൻഡർ നടപടികളിലേക്ക്‌ കടക്കുകയോ ചെയ്തിരുന്നില്ല. സാമൂഹ്യനീതി മന്ത്രിയായിരുന്ന ആർ ബിന്ദു പ്രത്യേക താൽപ്പര്യമെടുത്താണ്‌ നിപ്‌മറിൽ 72.54 കോടി പദ്ധതിക്ക്‌ തുടക്കമിട്ടത്‌. ഇതിൽ 68.91 കോടി നബാർഡ്‌ വായ്‌പയും 3.62 കോടി സർക്കാർ വിഹിതവുമാണ്‌. 53 കോടി റീഹാബ്‌ ആശുപത്രിയും 19.54 കോടി അക്കാദമിക്‌ ബ്ലോക്ക്‌ നിർമിക്കാനുമാണ്‌. ഭിന്നശേഷിക്കാർക്കും ദീർഘകാല പുനരധിവാസ ചികിത്സ ആവശ്യമുള്ളവർക്കും സമഗ്ര ചികിത്സ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗൺസലിങ്‌, സാമൂഹിക പുനരധിവാസ സേവനങ്ങൾ എന്നിവ ആശുപത്രിയിൽ ലഭ്യമാക്കാനായിരുന്നു ലക്ഷ്യം. അപകടത്തിലും മറ്റും ശരീരം തളർന്നവർക്ക്‌ ഓപ്പറേഷനുകൾക്ക്‌ ശേഷം മാസങ്ങളോളം പുനരധിവാസ ചികിത്സ വേണ്ടിവരും. സ്വകാര്യ ആശുപത്രികളിൽ ഇതിന്‌ വൻ ചെലവ്‌ വരും. പാവപ്പെട്ടവർക്ക്‌ ആശ്വാസമേകാനാണ്‌ നിപ്‌മറിന്റെ റീഹാബ്‌ ആശുപത്രി. പുനരധിവാസ മേഖലയിലെ വിദഗ്ധ മനുഷ്യവിഭവശേഷി വികസനം, ഗവേഷണ പ്രവർത്തനങ്ങളുടെ വിപുലീകരണം, ഉയർന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവയ്‌ക്കായാണ്‌ അക്കാദമിക് ബ്ലോക്ക് നിർമിക്കാൻ ലക്ഷ്യമിട്ടത്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ 2026 ജനുവരി ഒന്നിന്‌ പദ്ധതിക്ക്‌ ഭരണാനുമതിയായി. ഫെബ്രുവരിയിൽ നിർമാണോദ്‌ഘാടനവും നടന്നു. നബാർഡ്‌ ഫണ്ട്‌ അതിവേഗം വിനിയോഗിച്ചില്ലെങ്കിൽ പാഴാവും. ഇതിനിടെ നിപ്‌മറിന്റെ ചുമതല ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ സർക്കാരിലേക്ക്‌ കത്ത്‌ നൽകിയതായും സൂചനയുണ്ട്‌. എന്നാൽ, പകരം ആളെ നിയമിക്കുന്നുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home